വിദേശം

ഒടുക്കം ബൈഡന്റെ വിജയം പരസ്യമായി സമ്മതിച്ച് ട്രംപ്; അധികാരം ഉപയോഗിച്ച് സ്വയം മാപ്പു നല്‍കാനും ശ്രമം


വാഷിംഗ്ടണ്‍ : ലോകത്തിനു മുന്നില്‍ പരിഹാസ്യനായും നാണംകെട്ടും ഒടുക്കം പരസ്യമായി തന്റെ പരാജയം അംഗീകരിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.

'അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,' ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

വീഡിയോയില്‍ യു.എസ് സര്‍ക്കാരിന്റെ ഇരിപ്പിടത്തില്‍വെച്ച് ഒരു സ്ത്രീയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ട്രംപ് പ്രകോപിതനായി. എല്ലാവരോടും സംയമനം പാലിക്കണമെന്നും അനുരഞ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ചിരുന്ന ട്രംപ് മണിക്കൂറുകള്‍ക്കുളളിലാണ് നിലപാട് മാറ്റിയത്. പ്രവര്‍ത്തകരെ അനുനയിപ്പിച്ചും അമേരിക്കയുടെ ജനാധിപത്യമൂല്യങ്ങളെ ഓര്‍മിപ്പിച്ചും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും ഉള്ള വീഡിയോയായിരുന്നു ട്രംപ് പുറത്തുവിട്ടത്.
കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തെ അദ്ദേഹം തളളിപ്പറഞ്ഞു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. അമേരിക്കന്‍ ജനാധിപത്യത്തെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.

പ്രവര്‍ത്തകര്‍ നിരാശരാണെന്ന് അറിയാമെന്ന് പറഞ്ഞ ട്രംപ് ഒന്നിച്ചുളള അവിശ്വസനീയമായ ആ യാത്ര ഒരു തുടക്കം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ 2.41 മിനിട്ട് ദൈര്‍ഘ്യമുളള പ്രസംഗം അവസാനിപ്പിച്ചത്.

അതിനിടെ, സ്ഥാനമൊഴിഞ്ഞ ശേഷം 'പണി' കിട്ടാതിരിക്കാനായി സ്വയം മാപ്പുനല്‍കാനുളള പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കാന്‍ ട്രംപ് നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് നിയമവിദഗ്ധരോടും വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപൊളോണിനോടും സഹായികളോടും ചര്‍ച്ച നടത്തിയതായാണ് വിവരം. അധികാരം ഒഴിഞ്ഞ ശേഷം വന്നേക്കാവുന്ന നിയമനടപടികളെ നേരിടുന്നതിന് വേണ്ടിയാണ് സ്വയം മാപ്പുനല്‍കുന്ന പ്രസിഡന്റിന്റെ അവകാശത്തെ വിനിയോഗിക്കാന്‍ ട്രംപ് ഒരുങ്ങുന്നത്.

2017 മുതല്‍ സ്വയം മാപ്പുനല്‍കുന്നതിനുളള അധികാരത്തെ കുറിച്ച് ട്രംപ് അടുത്തവൃത്തങ്ങളോട് സംസാരിച്ചിരുന്നു. 2018-ല്‍ സ്വയംമാപ്പുനല്‍കുന്നതിനുളള അധികാരം ഉപയോഗിക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ് ട്വീറ്റും ചെയ്തിരുന്നു. പ്രസിഡന്റിന് സ്വയംമാപ്പുനല്‍കാനുള്ള അവകാശം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് നിയമവിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഉളളത്.

 • ടേക്കോഫിനിടെ വിമാനം തകര്‍ന്നുവീണു; ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും 4കളിക്കാരും മരിച്ചു
 • പുതിയ തുടക്കം, പുത്തന്‍ പ്രതീക്ഷ; അമേരിക്കയുടെ പ്രസി‍ഡന്റായി ബൈ‍ഡനും വൈസ് പ്രസി‍ഡന്റായി കമലാ ഹാരിസും അധികാരമേറ്റു
 • കനത്ത സുരക്ഷയില്‍ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്രംപ്
 • ഷിക്കാഗോ വിമാനത്താവളത്തില്‍ 3 മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
 • ബലാല്‍സംഗം, അബോര്‍ഷന്‍; പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ കേസെടുത്തു
 • ട്രംപിനെതിരെ രണ്ടാമതും ഇംപീച്ച്‌മെന്റ്; റിപ്പബ്ലിക്കന്‍ അംഗങ്ങളും പിന്തുണച്ചു, വിചാരണ ഇനി സെനറ്റിലേക്ക്
 • ട്രംപ് അനുകൂലികള്‍ സായുധ കലാപത്തിന് ശ്രമിക്കുമെന്ന് മുന്നറിയിപ്പ്; അടിയന്തരാവസ്ഥ
 • 'കലാപത്തിന് പ്രേരണ'; ട്രംപിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നടപടി മുന്നോട്ട്
 • ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്‌ ‌ പൂട്ടിട്ടത് ഇന്ത്യന്‍ വംശജയുടെ നിര്‍ദ്ദേശപ്രകാരം
 • ട്രംപിനെ ഇംപീച്ച് ചെയ്തു പുറത്താക്കാന്‍ നീക്കം; പ്രമേയത്തിന് സ്പീക്കറുടെ അനുമതി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway