ട്രംപിനെ ഇംപീച്ച് ചെയ്തു പുറത്താക്കാന്‍ നീക്കം; പ്രമേയത്തിന് സ്പീക്കറുടെ അനുമതി
വാഷിങ്ടണ്‍: ലോകത്തിനു മുന്നില്‍ അമേരിക്കയെ നാണം കെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇംപീച്ച് ചെയ്തു പുറത്താക്കാന്‍ നീക്കം. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്അനുയായികള്ക്കു കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോത്സാഹനം നല്‍കിയെന്നാരോപിച്ച് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കി. സ്ഥാനമൊഴിയാന്‍ പത്തു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് നടപടി. സ്പീക്കര്‍ നാന്‍സി പെലോസിയുടെ സീറ്റില്‍ വരെ ട്രംപ് അനുകൂലികള്‍ കയറി ഇരുന്നിരുന്നു.
അധികാരദുര്‍വിനിയോഗം ആരോപിച്ച് 2019ല്‍ ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് അത് തള്ളുകയായിരുന്നു. ട്രംപ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ട്രംപിന്റെ നീക്കങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും അതൃപ്തി പുകയുകയാണ്.
എന്നാല്‍ ഇംപീച്ച് പ്രമേയ നീക്കം രാഷ്ട്രീയ പ്രേരിതവും രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. പ്രസിഡന്റ് പദത്തിലെ അവസാന നാളുകളില്‍ ട്രംപ് ഒരു ആണവാക്രമണത്തിന് മുതിരുമോ എന്ന ആശങ്ക സ്പീക്കര്‍ സ്പീക്കര്‍ നാന്‍സി പെലോസി പങ്കുവച്ചു. ട്രംപിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഏത് നീക്കവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സൈനിക മേധാവിയുമായി നടത്തിയ ചര്‍ച്ചയില്‍ പെലോസി ആവശ്യപ്പെട്ടു.
അധികാരം ഒഴിയാന്‍ പോകുന്ന പ്രസിഡന്റിന്റെ ഭാഗത്ത് സൈനിക നീക്കമോ ലോഞ്ച് കോഡുകള്‍ കൈക്കലാക്കി ആണവാക്രമണത്തിന് ഉത്തരവിടുകയോ പോലുള്ള ഏതൊരു നീക്കവും ഉണ്ടായാല്‍ തടയുന്നതിനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നാണ് സൈനിക വിഭാഗങ്ങളുടെ ചെയര്മാന് മാര്‍ക്ക് മില്ലിയോട് സ്പീക്കര്‍ ആവശ്യപ്പെട്ടത്.
അതിനിടെ ട്രംപിനെ ട്വിറ്റര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തതതായി കമ്പനി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. 'സമീപകാലത്തെ ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടിലെ ട്വീറ്റുകള്‍ അവലോകനം ചെയ്തതിനു ശേഷം, കൂടുതല്‍ അക്രമം ഇളക്കിവിടാനുള്ള സാധ്യത ഉള്ളതിനാല്‍, അക്കൗണ്ട് ശാശ്വതമായി നീക്കം ചെയ്യുന്നു' ട്വിറ്റര്‍ പറഞ്ഞു.
'ഈ ആഴ്ച നടന്ന ഭയാനകമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ട്വിറ്റര്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ വീണ്ടും ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ബുധനാഴ്ച തന്നെ വ്യക്തമാക്കിയതാണ്' ട്വിറ്റര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് ട്രംപിന് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. അതേസമയം, ട്വിറ്ററിന്റെ നടപടിയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 'ചോദിച്ച എല്ലാവരോടുമായി പറയുന്നു, ജനുവരി 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ഞാന്‍ പോകില്ല' ട്രംപ് ട്വിറ്ററില്‍ അവസാനമായി കുറിച്ച് സന്ദേശങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.
പരമ്പരാഗത കീഴ്വഴക്കങ്ങളെ ലംഘിച്ച് നുറ്റാണ്ടിന് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മറ്റൊരു വിട്ടു നില്ക്കല്. ജനുവരി ഇരുപതിന് ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നില്ക്കാനാണു ട്രംപ് തീരുമാനിച്ചിരിക്കുന്നത്.