ന്യൂഡല്‍ഹി: നിര്‍ബന്ധിച്ചുള്ള കുമ്പസാരം ചോദ്യം ചെയ്ത് അഞ്ചു മലയാളി വനിതകള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കൂടുതല്‍ രേഖകളും വസ്തുതകളും ഹാജരാക്കാനുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി അറിയിച്ചതോടെ കേസ് മാറ്റിവച്ചിട്ടുമുണ്ട്. ബീനാ ടിറ്റി, ലിസി ബേബി, ലാലി ഐസക്, ബീനാ ജോണി, ആനി മാത്യു എന്നിവരാണ് ഹര്‍ജിക്കാര്‍. കുമ്പസാരം നിര്‍ബന്ധമാണെന്ന വ്യവസ്ഥ പുരോഹിതര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മലങ്കര സഭയിലുള്ളവരാണ് വനിതകള്‍.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഹര്‍ജിയെന്നും അതിനാല്‍ കേരള ഹൈക്കോടതിയാണ് കേസ് ആദ്യം പരിഗണിക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിക്കാര്‍ ആദ്യം കേരള ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാനത്തെയും എതിര് കക്ഷികളായി ചേര്‍ത്തിട്ടുമുണ്ട്.
ശബരിമലക്കേസില്‍ ഒന്‍പതംഗ ബെഞ്ചിന് വിട്ട വിഷയങ്ങളില്‍ ഒന്നായതിനാല്‍ ഹൈക്കോടതിക്ക് കേസില്‍ വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. ഈ സമയത്ത് ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിലപാട് ആരാഞ്ഞു. 2017ല്‍ സുപീംകോടതിയിലെ മൂന്നംഗ ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ച, മലങ്കര സഭയിലെ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത കേസാണിതെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കേസിന്റെ മുഴുവന്‍ ചരിത്രവും ഹൈക്കോടതിക്ക് അറിയാം. അതിനാല്‍ ഹൈക്കോടതി ഇത് പരിഗണിക്കുകയാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ മതവിശ്വാസം ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍ബന്ധിത കുമ്പസാരം മതവിശ്വാസത്തിന്റെ ഭാഗമാണോ, വ്യക്തിയുടെ സ്വകാര്യതയെ ഇത് ബാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കോടതി പരിശോധിക്കണമെന്ന് റോഹ്തഗി ആവശ്യപ്പെട്ടു. ഇത് ഭരണഘടനയുടെ 25ാം വകുപ്പിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ കുമ്പസാരം പല പുരോഹിതന്മാരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങള്‍ വ്യക്തിനിഷ്ഠമാണെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി.
ഡിസംബറില്‍ ഇതേ തരത്തിലുള്ള മറ്റൊരു കേസും സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ ഹര്‍ജി.
കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പീഡനത്തെ തുടര്‍ന്നുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മൗലികാ അവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുന്‍വിധിയോടെയാണ് കുമ്പസാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. പള്ളികള്‍ക്ക് കുടിശിക നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സഭ ഭരണഘടനയിലെ 10, 11 വകുപ്പുകള്‍ മനുഷ്യന്റെ അന്തസ്സും മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമേ, ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ഉള്‍പ്പടെയുള്ളവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷി ആക്കിയിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന് സഞ്ജയ് പരേഖ്, അഭിഭാഷകന് സനന്ദ് രാമകൃഷ്ണന് എന്നിവര്‍ ആണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.