ബ്രിട്ടനില്‍ കോവിഡ് മരണങ്ങള് ആശങ്കപ്പെടുത്തുന്ന നിലയില്‍ തന്നെ. ഇന്നലെ 1243 കോവിഡ് മരണങ്ങളും 45,533 പുതിയ കോവിഡ് കേസുകളും ആണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച 860 മരണങ്ങള് രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ മരണത്തില്‍ 44.5 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച 60,916 കേസുകള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ 25.3 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയത് എന്നത് ആശ്വാസകരമാണ്.
രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഇനിയും ശക്തമാക്കാനൊരുങ്ങുന്നുവെന്ന ആശങ്കക്കിടയിലാണ് പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കൂടുതല്‍ മരിച്ച രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെയെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നാണ് ഇന്നലെ നമ്പര്‍ 10 ബ്രീഫിംഗിനിടെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞിരുന്നു.
നിലവില്‍ രാജ്യത്തെ ഹോസ്പിറ്റലുകളില്‍ 35,075 കോവിഡ് രോഗികളുണ്ടെന്നും പട്ടേല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ കോവിഡ് ഒന്നാം തരംഗത്തില്‍ ആശുപത്രികളിലുണ്ടായിരുന്ന കോവിഡ് രോഗികളുടെ ഏതാണ്ട് ഇരട്ടിയാണിത്. ഓരോരുത്തരും കോവിഡ് നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടെന്നും അവര്‍ നിര്‍ദേശിക്കുന്നു. ഇത്തരം നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഹോം സെക്രട്ടറിയെന്ന നിലയില്‍ പോലീസിനെ പിന്തുണക്കുമെന്നും പ്രീതി പറഞ്ഞു.
രാജ്യത്തെ ചെറിയൊരു ന്യൂനപക്ഷം കോവിഡ് നിയമങ്ങളെ ലംഘിച്ച് രാജ്യത്തിന്റെ ആരോഗ്യം തന്നെ ഭീഷണിയിലാക്കുകയാണെന്നും അത് അനുവദിക്കാനാവില്ലെന്നുമാണ് പ്രീതി മുന്നറിയിപ്പേകിയിരിക്കുന്നത്. കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴയീടാക്കാന്‍ പോലീസ് വളരെ ജാഗ്രതയോടെയും വേഗത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഹോം സെക്രട്ടറി പറയുന്നത്. യുകെയിലാകമാനം ഇത്തരം നിയമലംഘനങ്ങളുടെ പേരില്‍ 45,0000ത്തിനടുത്ത് ഫിക്സഡ് പെനാല്‍റ്റി നോട്ടീസുകള്‍ ഇഷ്യൂ ചെയ്തുവെന്നും അവര്‍ പറഞ്ഞു.