ട്രംപ് അനുകൂലികള്‍ സായുധ കലാപത്തിന് ശ്രമിക്കുമെന്ന് മുന്നറിയിപ്പ്; അടിയന്തരാവസ്ഥ
കാപിറ്റല്‍ ഹില്‍ കലാപത്തിനു പിറകെ, നിയുക്ത പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമേല്‍ക്കുന്ന ജനുവരി 20 വരെ യുഎസില്‍ ട്രംപ് അനുകൂലികളായ വലതുപക്ഷ തീവ്രവാദികള്‍ സായുധകലാപം നടത്തിയേക്കുമെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെ മുന്നറിയിപ്പ്.ഓണ്‍ലൈന്‍ ശൃംഖല വഴിയാണ് ട്രംപ് അനുകൂല തീവ്രവാദികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയത്.
വാഷിങ്ടണ്‍ ഡിസിക്കു പുറമെ 50 സംസ്ഥാന തലസ്ഥാനത്തും കലാപത്തിനുള്ള തയാറെടുപ്പിലാണെന്നാണ് എഫ്.ബി.ഐയുടെ റിപ്പേര്‍ട്ടില്‍ പറയുന്നത്. എഫ്.ബി.ഐ മുന്നറിയിപ്പ് പുറത്തുവന്നതോടെ ജനുവരി 24 വരെ തലസ്ഥാനമായ വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജനുവരി 16 മുതല്‍ 20 വരെ കലാപം നടത്താനാണ് ആഹ്വാനമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ കാപിറ്റല്‍ മന്ദിരത്തിനു പുറത്ത് സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കത്തിലാണ് ബൈഡന്. ഇക്കാര്യത്തില്‍ ഭയമൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് പുറത്താക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്.
25ാം ഭേദഗതി എനിക്ക് സീറോ റിസ്ക് ആണ് എന്നാണ് ടെക്സാസില്‍ മെക്സിക്കോ അതിര്‍ത്തിക്ക് സമീപം നിര്‍മ്മിച്ച മതിലിനു മുന്നില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞത്.
'25ാമത് ഭേദഗതി എനിക്ക് സീറോ റിസ്ക് ആണ്. പക്ഷേ അത് ബൈഡനെയും അദ്ദേഹത്തിന്റെ ഭരണത്തെയും വേട്ടയാടും. ഈ പ്രയോഗം എടുത്തിടുമ്പോള്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ശ്രദ്ധിക്കണം. ക്രമസമാധാന പാലനത്തില്‍ വിശ്വസിക്കുകയാണ് വേണ്ടത്' ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ കലാപത്തിന് ശേഷമാണ് ഡൊണാള്‍ഡ് ട്രംപിനെ ഭരണഘടനയുടെ 25ാമത് ഭേദഗതി ഉപയോഗിച്ച് പുറത്താക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നത്.
തിങ്കളാഴ്ച ക്യാപിറ്റോളില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു.