ഷിക്കാഗോ വിമാനത്താവളത്തില്‍ 3 മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന് പിടിയില്‍
ലോസ് ഏഞ്ചല്‍സ്: കോവിഡ് ഭീതിയെ തുടര്‍ന്ന് അമേരിക്കയിലെ വിമാനത്താവളത്തില്‍ മൂന്ന് മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന് ഒടുവില്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ഉള്ള ആദിത്യാ സിംഗ് ആണ് ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ കഴിഞ്ഞത്. ഷിക്കാഗോ ഓ ഹരേ വിമാനത്താവളത്തില്‍ ഒക്ടോബര്‍ 19 മുതല്‍ താമസിച്ചു വന്ന ഇയാളെ ഒടുവില്‍ ശനിയാഴ്ചയായിരുന്നു അധികൃതര്‍ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയില്‍ ശിക്ഷാര്‍ഹമായ വിധത്തില്‍ കുറ്റകരമായി പ്രവേശിച്ചെന്ന വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ ഒഹാരേയില്‍ എത്തിയതെന്നും അന്നു മുതല്‍ വിമാനത്താവളത്തിലെ സുരക്ഷാമേഖലയില്‍ പരിശോധന പോലും ഇല്ലാതെ താമസിക്കുകയായിരുന്നു എന്നും ഷിക്കാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി കാണുന്നതിനാല്‍ യുണൈറ്റഡ് എയര്‍ലൈന്‍ സ്റ്റാഫുകള്‍ ഐഡന്റിഫിക്കേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് കുടുങ്ങിയത്. ഇയാള്‍ ബാഡ്ജ് കാട്ടിയെങ്കിലും അത് ഒക്ടോബറില്‍ കാണാതെ പോയ ഒരു ഓപ്പറേഷന് മാനേജരുടേതായിരുന്നു.
ഇത് തനിക്ക് വിമാനത്താവളത്തില്‍ നിന്നും കിട്ടിയതാണെന്നും കോവിഡ് ഭീതിയെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ ഭയമായിരുന്നെന്നുമാണ് ഇയാള്‍ നല്കിയ മറുപടി. തുടര്‍ന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിക്കുകയും പോലീസ് എത്തി ശനിയാഴ്ച രാവിലെ ഗേറ്റ് എഫ് 12 ന് സമീപത്തെ ടെര്‍മിനല്‍ 2 ല്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. യാത്രക്കാരില്‍ നിന്നുള്ള ഹാന്‍ഡ്ഔട്ടുകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.
ലോസ് ഏഞ്ചല്‍സിന്റെ സമീപ പ്രദേശമായ ഓറഞ്ചില്‍ മറ്റു ചിലര്‍ക്കൊപ്പമാണ് ഹോസ്പിറ്റാലിറ്റിയില്‍ ബിരുദാനന്തര ബിരുദമുള്ള തൊഴില്‍രഹിതനായ സിംഗ് താമസിച്ചിരുന്നത്. അതേസമയം ഇദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.