പുതിയ തുടക്കം, പുത്തന്‍ പ്രതീക്ഷ; അമേരിക്കയുടെ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേറ്റു
വാഷിംഗ്ടണ്‍ : അമേരിക്കയ്ക്കും ലോകത്തിനും പുതിയ പ്രതീക്ഷയേകി അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളില്‍ തൊട്ട് ബൈഡന് ഏറ്റുചൊല്ലി. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ കോവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാംലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡന് താരതമ്യപ്പെടുത്തിയത്. താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡന് പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റെന്ന റെക്കോഡും ബൈഡനാണ്.
സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെല്‍റ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ ജസ്റ്റിസായ തര്‍ഗുഡ് മാര്‍ഷലും വഹിച്ച രണ്ട് ബൈബിളുകളില്‍ തൊട്ടായിരുന്നു കമലയുടെ സത്യപ്രതിപ്രതിജ്ഞ. മുന്‍പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റണ്, മുന്‍ പ്രഥമവനിതകളായ മിഷേല്‍ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റണ് എന്നിവരും സന്നിഹിതരായി.
'ജനാധിപത്യം വിജയിച്ചു' എന്ന് സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ബൈഡന് പ്രതികരിച്ചു. ട്രംപിന്റെ നാല് വര്‍ഷത്തെ അമേരിക്ക ഫസ്റ്റ് പോളിസിയില്‍ നിന്നും ലോകത്തിലെ എല്ലാ സഖ്യകക്ഷികളുമായുള്ള ബന്ധം അമേരിക്ക പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് ബൈഡന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസംഗത്തില്‍ വ്യക്തമാക്കിയത്.
അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തെയും ബൈഡന് അപലപിച്ചു. അത് നടന്നിട്ടില്ല, ഇനിയൊരിക്കലും നടക്കുകയുമില്ല ബൈഡന് പറഞ്ഞു. താനെല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടിയുള്ള പ്രസിഡന്റായിരിക്കുമെന്നും തന്നെ പിന്തുണയ്ക്കാത്തവരോടൊപ്പവും ഉണ്ടാകുമെന്നും ബൈഡന് വ്യക്തമാക്കി. ഐക്യത്തോടെ മാത്രമേ നമുക്ക് പുതിയ തുടക്കം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എനിക്കറിയാം ഐക്യത്തിന് വേണ്ടി ഈ സമയത്ത് സംസാരിക്കുന്നത് ഒരു വിഡ്ഡിയുടെ ഫാന്റസി പോലെയാണെന്ന്. നമ്മെ വിഭജിച്ച ശക്തികള്‍ അത്രമേല്‍ ശക്തരാണെന്നും അവയെല്ലാം യാഥാര്‍ത്ഥ്യമാണെന്നും എനിക്കറിയാം. അവ പുതിയതല്ലെന്നും എനിക്ക് നിശ്ചയമുണ്ട്,' ബൈഡന് പറഞ്ഞു. കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് അമേരിക്കയ്ക്ക് എത്രത്തോളം പുരോഗതി കൈവരിക്കാന്‍ സാധിക്കും എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് കാത്തു നില്‍ക്കാതെയാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയത്. ഫ്ളോറിഡയിലേക്കാണ് ട്രംപും കുടുംബവും പോയത്. ഇതിന് മുന്‍പ് അമേരിക്കയുടെ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്സണ് മാത്രമാണ് അടുത്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നില്‍ക്കാതെ വൈറ്റ് ഹൗസ് വിട്ടത്.
ബൈഡന് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു പോയത്. ബൈഡന് ഒരു കുറിപ്പ് എഴുതിവെച്ചിട്ടാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കുറിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നും ലഭ്യമല്ല.
മാസ്ക് ധരിക്കാതെയാണ് യാത്രയയപ്പ് ചടങ്ങിനും ട്രംപ് എത്തിയത്. 'താങ്ക്യൂ ട്രംപ്' എന്ന മുദ്രാവാക്യം മുഴക്കി നിരവധി പേര് യാത്രയയപ്പ് നല്കാന് എത്തിയിരുന്നു. മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ക്ക് മെഡോസ് ജോയിന്റ് ബേസ് ആന്ഡ്രൂസില്വെച്ച് നടന്ന ട്രംപിന്റെ യാത്ര അയപ്പ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ട്രംപിന്റെ കുടുംബാംഗങ്ങളെല്ലാവരും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. മെലാനിയ ട്രംപും ചടങ്ങില്‍ സംസാരിച്ചു. എല്ലാ കാര്യങ്ങളും അതിസങ്കീര്‍ണമാണ്. ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ഒമ്പത് മാസം കൊണ്ട് കൊവിഡ് വാക്സിന് വികസിപ്പിക്കാന്‍ സാധിച്ചത് മെഡിക്കല്‍ ചരിത്രത്തിലെ വിസ്മയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അധികാരത്തിലെത്തി ആദ്യദിനത്തിലെ ബൈഡന്റെ പ്രധാന അജണ്ടകള്‍
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവ് സെപ്റ്റംബര്‍ 30 വരെ നിര്‍ത്തിവെക്കും.
കാലാവസ്ഥാ ഉടമ്പടിയിലേക്ക് വീണ്ടും
മതില് പണിയല്‍ നിര്‍ത്തുന്നു
മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഒഴിവാക്കല്‍
രാജ്യത്തെ ഫെഡറര്‍ ഓഫീസുകളിലെല്ലാം മാസ്ക് നിര്‍ബന്ധമാക്കുമെന്നതാണ് ബൈഡന്റെ മറ്റൊരു തീരുമാനം. ഇതിന്റെ ഭാഗമായി 100 ഡേ മാസ്കിങ് ചാലഞ്ച് എന്ന ക്യാമ്പയിനും ബൈഡന് തുടക്കം കുറിക്കും.