കുട്ടനാടും മുട്ടനാടും വേണ്ട, തോറ്റ പാര്‍ട്ടിക്ക് പാലാ നല്‍കാനാവില്ലെന്നു മാണി സി. കാപ്പന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി വീണ്ടും മാണി സി കാപ്പന്. പാലാ തന്റെ സീറ്റാണ്. അത് എപ്പോഴും പിന്നാലെ നടന്നു ചോദിക്കേണ്ട കാര്യമില്ലെന്നും മാണി സി കാപ്പന് പറഞ്ഞു. നാലുപ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ്. അത് തോറ്റ പാര്‍ട്ടിക്ക് കൊടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 27ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. പാലാ എന്റെ സീറ്റാണ്. എപ്പോഴും പിന്നാലെ നടന്നു ചോദിക്കേണ്ട കാര്യമില്ല. എനിക്ക് കുട്ടനാടും വേണ്ട, മുട്ടനാടും വേണ്ട. കുട്ടനാട്ടിലേക്ക് ഇല്ലെന്നും തനിക്ക് നീന്തല്‍ അറിയില്ലെന്നും തമാശരൂപേണ മാണി സി കാപ്പന് പറഞ്ഞു. ശരത് പവാര്‍ വിളിച്ചാല്‍ ഉടന്‍ മുംബൈക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന് പക്ഷത്തിന്റെ ശ്രമമുണ്ടായിരുന്നു. പാലാ സീറ്റിന് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് മാണി സി കാപ്പന് വ്യക്തമാക്കിയിരുന്നു.
കുട്ടനാട് വിട്ടുകൊടുത്ത് കൊണ്ടുള്ള പ്രശ്നപരിഹാരത്തിന് ആലപ്പുഴ ജില്ലയില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസ് തയ്യാറെടുക്കുകയാണ്. ഇതിനിടയില്‍ സീറ്റ് മാണി സി കാപ്പന് വിട്ടുകൊടുത്താല്‍ ആലപ്പുഴ ജില്ലാ കമ്മറ്റി ശശീന്ദ്രന് എതിരാവാനാണ് സാധ്യത.
മാണി സി. കാപ്പന് വിഭാഗം നാളെ മുംബൈയിലെത്തി കേന്ദ്ര നേതൃത്വത്തെ കാണും എന്നാണ് റിപ്പോര്‍ട്ട്. പാലാ സീറ്റ്, മുന്നണി മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന ആവശ്യം മാണി സി. കാപ്പന് വിഭാഗം നേതൃത്വത്തെ അറിയിക്കും.