ചിറ്റൂര്‍ : വിദ്യാസമ്പന്നരായ അധ്യാപക ദമ്പതികള്‍ ആഭിചാര കര്‍മ്മങ്ങളുടെ ഭാഗമായി യുവതികളായ രണ്ട് മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി! അമിതവിശ്വാസികളായ ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ പദ്മജയും ഭര്‍ത്താവ് പുരുഷോത്തമും ചേര്‍ന്നാണ് മക്കളായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെ അരുംകൊല ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വ്യായാമത്തിനായുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് നല്കുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളാണ്. ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വ്യക്തിയുമാണ് പത്മജ.
കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ ഭോപ്പാലിലെ കോളജില്‍ പി.ജി വിദ്യാര്‍ത്ഥിയാണ്. ഇളയമകള്‍ സായ് ദിവ്യ ബി.ബി.എ പഠനം പൂര്‍ത്തിയാക്കിയ ശേഷം എ.ആര്.റഹ്മാന് മ്യൂസിക് അക്കാദമിയില്‍ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായി പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് ഇവരുടെ വീട്ടില്‍ ദോഷം മാറാന്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. അന്നേ ദിവസം ഇവിടെ നിന്നും ചില ശബ്ദങ്ങളും കരച്ചിലും കേട്ടതായും മൊഴിയുണ്ട്. പോലീസ് വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കള്‍ പുനര്‍ജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും ദമ്പതികള്‍ അഭ്യര്‍ത്ഥിച്ചു. ഏതോ മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ഇവര്‍ ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
പൂജകള്‍ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ആദ്യം കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് മൂത്തമകള്‍ അലേഖ്യയെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. മൂത്തകുട്ടിയുടെ മൃതദേഹം പൂജമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ മകളുടെ മൃതദേഹം അടുത്തമുറിയിലായിരുന്നു. കൊലപാതകശേഷം മക്കളെ ചുവന്ന പട്ട് പുതപ്പിച്ചിരുന്നു. അലേഖ്യയെ കൊലപ്പെടുത്തിയ ശേഷം വായില്‍ ചെറിയ ലോഹ പാത്രം വെച്ചു. ആലേഖ്യ പുനര്‍ജ്ജനിക്കാനായി സായി ദിവ്യയെ ശൂലം ഉപയോഗിച്ച് കൊലപ്പെടുത്തി.
കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്. കൊലപാതകശേഷം മക്കളെ ചുവന്ന പട്ട് പുതപ്പിച്ചിരുന്നു. അലേഖ്യയെ കൊലപ്പെടുത്തിയ ശേഷം വായില്‍ ചെറിയ ലോഹ പാത്രം വെച്ചു. ആലേഖ്യ പുനര്‍ജ്ജനിക്കാനായി സായി ദിവ്യയെ ശൂലം ഉപയോഗിച്ച് കൊലപ്പെടുത്തി.മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ദമ്പതികള്‍ പറയുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയില്‍ നില്ക്കുന്ന കുടുംബത്തിലാണ് ഇത്തരമൊരു ക്രൂരകൊലപാതകം നടന്നത് എന്നത് രാജ്യത്തെ നടുക്കി.