വിദേശം

ട്രംപ്- കെജിബി രഹസ്യ ബന്ധം; വിവാദ കൊടുങ്കാറ്റുയര്‍ത്തി പുസ്തകം

അമേരിക്കന്‍ പ്രസിഡന്റ് പദവി നഷ്ടപ്പെട്ടതിനു പിന്നാലെ ഡോണള്‍ഡ് ട്രംപിനെ വിവാദകുരുക്കിലാക്കി പുതിയ പുസ്തകം. നാല്‍പ്പതു വര്‍ഷം മുമ്പേ ട്രംപ് സോവിയറ്റ് യൂണിയന്‍ ചാരനാണെന്ന സംശയമാണ് വിവാദ പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. ട്രംപ് പ്രസിഡന്റ് പദവി നേടിയെടുത്തത് റഷ്യന്‍ പിന്തുണയോടെയാണെന്നു അക്കാലത്തു ആരോപണം ഉയര്‍ന്നിരുന്നു. 80കളിലും 90കളിലും ട്രംപ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണമിറക്കി ട്രംപിനെ രക്ഷിച്ചത് സോവിയറ്റ് ചാരസംഘടനയായ കെജിബിയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കര്‍ ആണ് തന്റെ പുതിയ പുസ്തകമായ 'അമേരിക്കന്‍ കോംപ്രോമാറ്റ്, ഹൗ കെജിബി കള്‍ട്ടിവേറ്റഡ് ട്രംപ്' എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

1987-ല്‍ മോസ്‌കോയില്‍ ട്രംപ് ഹോട്ടല്‍ പണിയുവാനുള്ള മുന്നൊരുക്കങ്ങള്‍ എന്നപേരില്‍ ട്രംപ് നടത്തിയ യാത്രയിലാണ് ട്രംപും കെ ജി ബിയുമായുള്ള ബന്ധം സുദൃഢമായതെന്നും അതില്‍ പറയുന്നു. അമേരിക്കയെ തകര്‍ക്കാനുള്ള സഹായങ്ങള്‍ക്കാണ് കെജിബി ട്രംപിന്റെ സഹായം തേടിയതെന്നും ഇതിനു പ്രത്യുപകാരമായി ട്രംപിനായി പണമൊഴുക്കിയെന്നും ഈ പുസ്തകത്തില്‍ പറയുന്നു.

ഉയര്‍ന്ന തലത്തിലെ ഉദ്യോഗസ്ഥര്‍, റഷ്യയില്‍ നിന്നും കൂറുമാറിയവര്‍, മുന്‍ സി ഐ എ ഉദ്യോഗസ്ഥര്‍, എഫ് ബി ഐയുടെ കൗണ്ടര്‍ ഇന്റലിജന്റ് ഏജന്റുമാര്‍, നിയമജ്ഞര്‍ തുടങ്ങി വിവിധരംഗങ്ങളിലുള്ള നിരവധിപേരുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുസ്തകം രചിച്ചിട്ടുള്ളത്.

ട്രപ് ഒരു വൃത്തികെട്ടവനായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. റഷ്യയിലെ ഉന്നതര്‍ക്കും സിലിക്കോണ്‍ വാലിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാഴ്ച്ചവെച്ചിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത സൗഹൃദത്തിലൂടെയായിരുന്നു റഷ്യാക്കാരും ട്രംപുമായി അടുത്തതെന്നും ഇതില്‍ പറയുന്നുണ്ട്.

എപ്സ്റ്റീന്റെ കീഴിലുള്ള പെണ്‍കുട്ടികളുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്ന കാലത്തുതന്നെയാണ് എപ്സ്റ്റീന്‍ വഴി ട്രംപ് മെലാനിയയുമായി പരിചയപ്പെടുന്നതെന്നും ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു. ട്രംപ് ഈ പെണ്‍കുട്ടികളുമായി നടത്തിയ ലൈംഗിക ബന്ധങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനായി എപ്സ്റ്റീന്‍ സൂക്ഷിച്ചിരുന്നുവത്രെ. പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ദൃശ്യങ്ങളാണ് ഇവയെന്നും ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യുവാനായി ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു എന്നും പുസ്തകം പറയുന്നു.

ട്രംപിന്റെ റഷ്യയുമായുള്ള ബന്ധം ആരംഭിക്കുന്നത് 1976 ലാണ്. അന്ന്, ക്യുന്‍സ് മുതല്‍ മാന്‍ഹാട്ടന്‍ വരെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലായിരുന്നു ട്രംപ്. മാഫിയാ ലോയര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ നിയമജ്ഞന്‍ റോയ് കോഹനാണ് നികുതിവെട്ടിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ട്രംപിന് പറഞ്ഞുകൊടുത്തത്.

പാര്‍ക്ക് അവന്യൂവിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനു സമീപമുള്ള പഴയ കോമ്മഡോര്‍ ഹോട്ടല്‍ അങ്ങനെയാണ് നിസാരവില രേഖകളില്‍ കാണിച്ച് ട്രംപ് വാങ്ങുന്നത്. തീര്‍ത്തും വികൃതമായ ഈ കെട്ടിടം ഗ്രാന്‍ഡ് ഹയാത്ത് ന്യുയോര്‍ക്ക് എന്ന മനോഹരസൗധമാക്കി മാറ്റുന്നതിനിടയിലാണ് റഷ്യാക്കാരുമായുള്ള ബന്ധം ആരംഭിക്കുന്നത്.

അമേരിക്കയില്‍ ഒരു നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കാന്‍ കാത്തിരുന്ന കെജിബി നോട്ടമിട്ടത് തികഞ്ഞ യാഥാസ്ഥികനും, അധികാരഭ്രാന്തനുമായിരുന്ന ട്രംപിനെയായിരുന്നു. വിവിധ പേരിലുള്ള വ്യാജ കമ്പനികളിലൂടെ ട്രംപിന്റെ കൈകളിലേക്ക് അങ്ങനെ റഷ്യന്‍ മാഫിയയുടെ പണം ഒഴുകിയെത്താന്‍ തുടങ്ങി.

1977- ല്‍ ചെക്ക് പൗരയായ ഇവാന സെല്‍നിക്കോവയെ ട്രംപ് വിവാഹം കഴിച്ച അന്നുമുതല്‍ തന്നെ ട്രംപ് കെജിബിയുടെ നിരീക്ഷണ വലയത്തിലായി എന്നാണ് പുസ്തകത്തില്‍ പറയുന്നത്. അന്നേ തനിക്ക് ഒരുനാള്‍ അമേരിക്കയുടെ പ്രസിഡന്റാാകണം എന്ന ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിരുന്നു.

ട്രംപിന്റെഅത്യാഗ്രഹം മുതലെടുത്ത് കെജിബി ഇയാളെ പാട്ടിലാക്കുകയായിരുന്നു. ജെഫ്രീ എപ്സ്റ്റീനെ സ്വാധീനിച്ചതും ഇതിന്റെ ഭാഗമായിരുന്നു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു അയാളുടെ വീട്ടില്‍ ഉണ്ടായിരുന്നത്. സെക്‌സ് പാര്‍ട്ടികള്‍ നടത്തി ലോകത്തിലെ പല പ്രമുഖരുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഇയാള്‍ക്കായി. സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രമുഖര്‍ക്ക് കാഴ്ചവച്ച് ഇയാള്‍ ശതകോടീശ്വരനായി മാറുകയായിരുന്നു.

എന്നാല്‍, ഓരോരുത്തരുടേയും സ്വകാര്യനിമിഷങ്ങള്‍ എപ്സ്റ്റീന്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് പിന്നീടുള്ള വിലപേശലിനായി മാറ്റിവച്ചു. സൗന്ദര്യ മത്സരത്തിന്റെയും, മോഡലിംഗിന്റെയും പേരില്‍ റഷ്യയില്‍ നിന്നും നിരവധി സുന്ദരിമാരെ കൊണ്ടുവരികയും സെക്‌സ് പാര്‍ട്ടികളില്‍ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട് എപ്സ്റ്റീന്‍.

ഒരിക്കല്‍ ഒരു കലണ്ടര്‍ ഗേള്‍ മത്സരത്തിനായി 28 സുന്ദരിമാരെയാണ് ഇയാള്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ -ലാഗോ റിസോര്‍ട്ടില്‍ എത്തിച്ചതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അന്ന് അവിടെ പുരുഷന്മാരായി ഉണ്ടായിരുന്നത് ട്രംപും എപ്സ്റ്റീനും മാത്രമായിരുന്നത്രെ!

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എപ്സ്റ്റീന്‍ അറസ്റ്റിലായപ്പോള്‍ അയാളുടെ വീട്ടില്‍ റേയ്ഡ് നടത്തിയ എഫ് ബി ഐ, വീഡീയോ റെക്കോര്‍ഡിങ് ഉപകരണങ്ങളും നിരവധി പ്രമുഖരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും ഹാര്‍ഡ് ഡിസ്‌കുകളും കണ്ടെടുത്തിരുന്നു.

 • ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
 • ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
 • 11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
 • ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
 • 241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി
 • നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
 • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
 • 57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
 • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
 • മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway