സുപ്രീംകോടതി ഇടപെട്ടു; വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം ലൈംഗികാതിക്രമം അല്ലെന്ന വിധിയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി: വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം പോക്സോ പ്രകാരം ലൈംഗികാതിക്രമം അല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി എ.ജിയോട് നിര്‍ദേശിച്ചു. നേരത്തേ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി തടഞ്ഞത്. ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്ന് ബോബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് വിവാദമാകുകയും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. പേരയ്ക്കാ നല്‍കാമെന്ന് പറഞ്ഞ് 12 കാരിയെ വിളിച്ചു വരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി.
ശരീരഭാഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന വിചിത്ര ന്യായം പറഞ്ഞ് പോക്സോകേസില്‍ നിന്നും പ്രതിയെ വെറുതെ വിടുകയായിരുന്നു. ഈ വിവാദ വിധിക്കെതിരെ പല കോണുകളില്‍ നിന്നും വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ.ജി ഇന്ന് വിധി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായിരുന്നു ബോംബെ ഹൈക്കോടതി നല്‍കിയത്. ത്വക്കിനുപുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമ വിഭാഗത്തില്‍പ്പെടുത്തി പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു.