തിരുവനന്തപുരം ഓഫര്‍ തള്ളി; പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞൈടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിപ്പിയാക്കാനുള്ള കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം ചെറുത്ത് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് അടുത്തതോടെ ഉമ്മന്‍ചാണ്ടി ഇത്തവണ തിരുവനന്തപുരത്തു നിന്നാണ് മത്സരിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാര്‍ത്താ കുറിപ്പിലൂടെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് അറിയിക്കുകയായിരുന്നു.
പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടും ഇല്ല. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്തവണ തിരുവനന്തപുരത്ത് നിന്നം ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പ്രേരകമാകുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ആലോചനകളെ എതിര്‍ത്തും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നു തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടും എ ഗ്രൂപ്പ് ശക്തമായി രംഗത്തു വന്നിരുന്നു.
ഉമ്മന്‍ചാണ്ടി നേമത്തുനിന്നും മത്സരിക്കണം, അദ്ദേഹം എവിടെ നിന്ന് മത്സരിച്ചാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെയാണ് മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഐ ഗ്രൂപ്പ് ഇവയെ പിന്തുണയ്ക്കുകയും കൂടി ചെയ്തതോടെയാണ് ഉമ്മന്‍ചാണ്ടി തന്നെ ഇതുസംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
പുതുപ്പള്ളിയില്‍ നിന്നും അദ്ദേഹത്തെ മാറ്റി ബിജെപി സാവധാനം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന നേമത്തോ വട്ടിയൂര്‍കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ മത്സരിപ്പിക്കാമെന്നും മകന് ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാമെന്നുമായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യം.
നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന രീതിയില്‍ ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ നിന്നും പറിച്ചുമാറ്റാനുള്ള ശ്രമമെന്ന് ആരോപണം ഉയര്‍ത്തി എ ഗ്രൂപ്പ് ആ നീക്കത്തെ തുടക്കത്തിലേ വെട്ടിയിരുന്നു. മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.