യുകെയില്‍ നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത
ലണ്ടന്‍ : സേവര്‍മാര്‍ക്കും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്കും കടുത്ത തിരിച്ചടിയേകുന്ന നെഗറ്റീവ് പലിശ നിരക്ക് യുകെയില്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയേറി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2020 മാര്‍ച്ചില്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം അടിസ്ഥാനപലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. നിലവില്‍ ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1 ശതമാനത്തിലാണ് ഉള്ളത്. ഇത്തരം നടപടി ബാങ്ക് ഇനിയും കൈക്കൊള്ളുമെന്നും തുടര്‍ന്ന് പലിശനിരക്ക് നെഗറ്റീവിലെത്തുമെന്നുമുള്ള ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഇത് മോര്‍ട്ട്ഗേജ് വിപണിയിലെ സേവര്‍മാര്‍ക്കും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്കും കടുത്ത തിരിച്ചടിയേകുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യം പ്രതീക്ഷിച്ച സമയത്ത് കരകയറുന്നില്ലെങ്കില്‍ നെഗറ്റീവ് പലിശനിരക്കേര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന സൂചന ബാങ്ക് നല്‍കിയത് മോര്‍ട്ട്ഗേജ് വിപണിയില്‍ കടുത്ത അനിശ്ചിതത്വങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ഇന്നലെ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു.തീരുമാനം ബാങ്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നെഗറ്റീവ് നിരക്കിലേക്ക് ബാങ്ക് നീങ്ങിയാല്‍ അത് മോര്‍ട്ട്ഗേജ് വിപണിയിലും സമ്പദ് വ്യവസ്ഥയിലും എന്തൊക്കെ പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്ന അവലോകനം നടത്തി സ്കോര്‍ഡേര്‍സിലെ മുതിര്‍ന്ന യൂറോപ്യന്‍ എക്കണോമിസ്റ്റായ ആസാദ് സന്‍ഗാന രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് മേല്‍ കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനാലാണ് ബാങ്ക് ഈ കടുത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാകുന്നതെന്നും അദ്ദേഹം പറയുന്നു. നെഗറ്റീവ് നിരക്ക് നിലവില്‍ വന്നാല്‍ മിക്കവരും കടം വാങ്ങുന്നതിന് കൂടുതല്‍ താല്പര്യം പുലര്‍ത്തുമെന്നും ഡിപ്പോസിറ്റിനും സമ്പാദിക്കുന്നതിനും താല്പര്യം കുറയ്ക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇത് സേവര്‍മാരെയും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാരെയും കടുത്ത രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
ബാങ്ക് നെഗറ്റീവ് പലിശനിരക്ക് ഏര്‍പ്പെടുത്തിയാല്‍ അതിലൂടെ വരുന്ന നഷ്ടം നെഗറ്റീവ് പലിശനിരക്കിലൂടെ സേവര്‍മാരിലേക്ക് പകരാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നതായിരിക്കും. എന്നാല്‍ നേരിട്ടല്ല ബാങ്കുകള്‍ ഇത് ചെയ്യുകയെന്നും പകരം ബാങ്കിംഗ് ഫീസുകള്‍ അല്ലെങ്കില്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചായിരിക്കും ബാങ്കുകള്‍ ഈ നഷ്ടം കസ്റ്റമര്‍മാരിലേക്ക് പകരുകയെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇത് ചെയ്യാത്ത ബാങ്കുകള്‍ക്ക് പിടിച്ച് നില്ക്കാന് കടം കൊടുക്കല്‍ വെട്ടിച്ചുരുക്കേണ്ടി വരും.