കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിനു തന്നെ അപമാനമാവുകയാണ് സംവിധായകന് കമല്‍. രാഷ്ട്രീയ കളിയും ഇരവാദവും ഉയര്‍ത്തി കമല്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുകയാണ്. ചലച്ചിത്ര അക്കാദമിയിലെ ഇടതു പക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കാണിച്ചു മന്ത്രിയ്ക്ക് കമല്‍ എഴുതിയ ശുപാര്‍ശ കത്ത് പുറത്തുവന്നിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടു തന്റെ ഇഷ്ടക്കാരെയും താല്പര്യക്കാരെയും മാത്രമാണ് കമല്‍ പരിഗണിക്കുന്നത് എന്ന വിമര്‍ശനവും ശക്തമാണ്.
ഏറ്റവും ഒടുവിലായി കൊച്ചിയില്‍ ഐ.എഫ്.എഫ്.കെ ഉദ്ഘാടനത്തിന് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ പ്രദേശവാസിയായ നടന് സലിം കുമാറിനെ ക്ഷണിക്കാതിരുന്നതും തുടര്‍ സംഭവങ്ങളും വലിയ വിവാദമായിരുന്നു. താന്‍ ഒരു കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നും ചലച്ചിത്ര അക്കാദമിയ്ക്ക് രാഷ്ടീയ താല്പര്യമുണ്ടെന്നും സലിം കുമാര്‍ തുറന്നടിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തുന്നത്. കൊച്ചി മേഖല ഉദ്ഘാടനം ആദ്യം ചര്‍ച്ചയായത് തന്നെ മേളയിലെ സലിം കുമാറിന്റെ അസാന്നിദ്ധ്യമായിരുന്നു. 25ാമത് മേളയുടെ പ്രതീകമായി സംവിധായകന് കെ.ജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 25 ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരി തെളിയിച്ചാണ് ഉദ്ഘാടനം നടക്കുക.
എന്നാല്‍ ഇതില്‍ എറണാകുളം പറവൂര്‍ സ്വദേശിയും, ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്റെ പേരുണ്ടായിരുന്നില്ല. തന്റെ പ്രായവും രാഷ്ട്രീയവുമാണ് തന്നെ ഒഴിവാക്കിയതിന് കാരണമെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം.
സംഭവം വിവാദമായതോടെ കമല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതെന്നും ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്റെ വിശദീകരണം. ഇതിന് പിന്നാലെ ഐ.എഫ്.എഫ്.കെ കൊച്ചി ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിം കുമാര്‍ വ്യക്തമാക്കിയിരുന്നു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം. തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സലിം കുമാര്‍ പറഞ്ഞു.
ഐ.എഫ്.എഫ്.കെ ചടങ്ങിനെത്താന്‍ എന്തുകൊണ്ടും കമലിനേക്കാള്‍ യോഗ്യന്‍ സലിം കുമാര്‍ തന്നെയാണ്. താനൊരു കോണ്‍ഗ്രസുകാരനാണെന്നു ഉറക്കെ പറയുമ്പോഴും ജനകീയ പ്രശ്നങ്ങളില്‍ തന്റെ നിലപാടുകളിലൂടെയും മതേതര വീക്ഷണത്തോടെയും അഭിപ്രായം പറയുന്ന അപൂര്‍വം സിനിമാക്കാരില്‍ ഒരാളാണ് സലിം കുമാര്‍. മറിച്ചു കമലാവട്ടെ തന്റെ ഇരവാദം ഭംഗിയായി ഉപയോഗിച്ച് മതത്തെ ദുരുപയോഗപ്പെടുത്തുന്നുണ്ട്. തനിക്കെതിരെ വിമര്‍ശനവും ആരോപണവും ഉന്നയിക്കുന്നവരെ പ്രതിരോധിക്കാന്‍ കമല്‍ വര്‍ഗീയത ഉപയോഗപ്പെടുത്താറുണ്ട്. യുവനടിയെ അവസരം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ചെന്ന ആരോപണത്തിലും തന്റെ പേരും മതവും ഉപയോഗിച്ച് പ്രതിരോധിക്കാനാണ് കമല്‍ ശ്രമിച്ചത്.
തനിക്കു താല്‍പ്പര്യമുള്ളവരെയും അവരുടെ ചിത്രങ്ങളെയും മാത്രം പരിലാളിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കമലിന്റെ പ്രവൃത്തി എന്ന് സിനിമാക്കാര് തന്നെ പറയുന്നു. പുരസ്കാരങ്ങള്‍ക്കും മേളകള്‍ക്കും ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ ഈ വേര്‍തിരിവ് പ്രകടമാണ്. പ്രായത്തിന്റെ പേരില്‍ വരെ വിവേചനങ്ങള്‍ നിലനില്ക്കുന്നു എന്നാണ് ആക്ഷേപം.
എഴുത്തുകാരനും ദേശീയ അവാര്‍ഡ് നേടിയ സംവിധായകനുമായ വി.സി അഭിലാഷ് പറഞ്ഞത് .ചെയര്‍മാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമായാല്‍ മാത്രമേ അവര്‍ക്കിടയില്‍ ഇടംപിടിക്കാന്‍ കഴിയുള്ളൂവെന്നാണ് .
അഭിലാഷിന്റെ കുറിപ്പിങ്ങനെ:
'കടുത്ത ഇടതുപക്ഷ വിശ്വാസിയായ എന്റെ സിനിമ (ആളൊരുക്കം) അവര്‍ ‘ നിഷ്ക്കരുണം' തളളിയിട്ടുണ്ട്. അന്ന് എന്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, 'മോനേ.. നീ വെറും ഇടതുപക്ഷമായാല്‍പ്പോരാ.. ചെയര്‍മാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകില്‍ നീ ചെയര്‍മാന്റെ ശിഷ്യനാവണം. അല്ലെങ്കില്‍ കുറഞ്ഞപക്ഷം ചെയര്‍മാന്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്റെ ആത്മാവിന് പുസ്തകത്താളില്‍ ഇടം പിടിക്കണം.
എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിന്റെ സിനിമ ചെയര്‍മാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും.' ദദ്ദാണ് ദദ്ദിന്റെ ഒരു ദിത്'
എന്ന് മറ്റൊരു പാവം നാഷണല്‍ അവാര്‍ഡ് ജേതാവ്- വി.സി.അഭിലാഷ്.
പിണറായി സര്‍ക്കാരിന്റെ കാലത്തു സിപിഎമ്മിന്റെ ഇഷ്ടക്കാരനായാണ് കമല്‍ ചലച്ചിത്ര അക്കാദമിയില്‍ കയറിക്കൂടുന്നത്. അഞ്ചുവര്‍ഷമാകുമ്പോള്‍ ഒട്ടേറെ പഴി കേള്‍പ്പിച്ചാണ് കമലിന്റെ പോക്ക്.