മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ 'ദൃശ്യം 2'വിന് മികച്ച പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നു എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ആദ്യഭാഗത്തോട് നീതി പുലര്‍ത്തുന്ന ഇന്റലിജന്റ് സിനിമ എന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യഭാഗത്തേക്കാള് മികച്ചതാണ് ദൃശ്യം 2 എന്ന അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. അത്യുഗ്രന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകര്‍ പറയുന്നു.
തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തുന്നുണ്ട്. ജോര്‍ജുകുട്ടിയായുള്ള മോഹന്‍ലാലിന്റെ അഭിനയ പ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണീയത. ഇന്നലെ രാത്രിയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
അതേസമയം, ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം ടെലിഗ്രാമില്‍ എത്തിയത്. വ്യാജ പതിപ്പ് എത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും ആമസോണ്‍ പ്രൈം അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന് ജീത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങള്‍ സന്തോഷിപ്പിക്കുന്നുവെന്നും ജീത്തു പറഞ്ഞു.