ഗ്രഹത്തിന്റെ പൂര്‍വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ പെര്‍സിവിയറന്‍സ് എന്ന ബഹിരാകാശപേടകം ചൊവ്വാഗ്രഹത്തില്‍ സുരക്ഷിതമായി ഇറങ്ങിയപ്പോള്‍ അഭിമാന താരമായി ഒരു ഇന്ത്യന്‍ വംശജയും. പേടകം ചൊവ്വയിലിറങ്ങിയ അഭിമാനനിമിഷത്തെ കുറിച്ചുള്ള ആദ്യപ്രഖ്യാപനം നടത്തിയത് ഇന്ത്യന്‍ വംശജ ഡോ. സ്വാതി മോഹനാണ്. സുപ്രധാനമായ ആറ്റിറ്റിയൂഡ് കണ്‍ട്രോളിലും, റോവറിന്റെ ലാന്‍ഡിംഗ് സിസ്റ്റം വികസിപ്പിക്കാനും നേതൃത്വം നല്‍കിയത് സ്വാതിയാണ്.
'ടച്ച്ഡൗണ് സ്ഥിരീകരിച്ചു. പ്രിസേര്വെന്സ് ചൊവ്വയുടെ ഉപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങി. മുന്‍പ് ജീവന് നിലനിന്നിരുന്നോയെന്ന അന്വേഷണം ഇനി തുടങ്ങും', നാസ എഞ്ചിനീയറായ ഡോ. സ്വാതി മോഹന്‍ വ്യക്തമാക്കി. ലോകം നാടകീയമായ ലാന്‍ഡിംഗ് വീക്ഷിക്കുമ്പോള്‍ ഡോ. സ്വാതി സംഘത്തിലെ മറ്റുള്ളവരുമായി ജിഎന്‍& സി സബ്സിസ്റ്റം വഴി കോര്‍ഡിനേഷന്‍ നടത്തുകയായിരുന്നു.
ഡെവലപ്മെന്റ് ഘട്ടത്തില്‍ ലീഡ് സിസ്റ്റംസ് എഞ്ചിനീയറായിരുന്ന ഡോ. സ്വാതി മിഷന് കണ്ട്രോള് ടീമിന്റെ നേതൃത്വവും വഹിച്ചു. നാസയുടെ കാസിനി, ഗ്രെയില്‍ പ്രൊജക്ടുകളിലും ഈ ഇന്ത്യന്‍ വംശജ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയില്‍ സ്വാതി അംഗമായത്. ഒരു വയസ് പ്രായമുള്ളപ്പോളാണ് സ്വാതിയുടെ കുടുംബം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ & എയറോസ്പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് എയറോട്ടിക്സില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
ഏഴ് മിനിറ്റോളം അന്തരീക്ഷത്തിലെ ദുര്‍ഘടമായ അവസ്ഥയെ മറികടന്നാണ് പെര്‍സിവിയറന്‍സ് ഒടുവില്‍ വിജയകരമായി ചുവടുവെച്ചത്. 203 ദിവസം കൊണ്ട് 293 മില്ല്യണ്‍ മില്ല്യണ്‍ മൈല്‍ ദൂരമാണ് റോവര്‍ സഞ്ചരിച്ചത്.