ഇംഗ്ലണ്ടിലെ കെയര്‍ ഹോം അന്തേവാസികളെ സന്ദര്‍ശിക്കാന്‍ ഒരാളെ അനുവദിക്കും; പിപിഇ കിറ്റും കൊറോണ ടെസ്റ്റും നിര്‍ബന്ധം
ഇംഗ്ലണ്ടിലെ കെയര്‍ ഹോം അന്തേവാസികളെ പതിവായി സന്ദര്‍ശിക്കാന്‍ ഒരാളെ അനുവദിക്കും. മാര്‍ച്ച് 8 മുതല്‍ കെയര്‍ ഹോം അന്തേവാസികളെ സ്ഥിരമായി സന്ദര്‍ശിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കാം. വീടിനകത്ത് കണ്ടുമുട്ടാനും കൈ പിടിക്കാനും സന്ദര്‍ശകര്‍ക്ക് കഴിയും. എന്നാല്‍ സന്ദര്‍ശകര്‍ പിപിഇ കിറ്റ് ധരിക്കുകയും വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൊറോണ ടെസ്റ്റ് നടത്തുകയും ചെയ്തിരിക്കണം. കൂടാതെ ഔട്ട് ഡോര്‍ സന്ദര്‍ശനങ്ങള്‍ പോഡിനുള്ളിലോ സ്ക്രീനിന് പിന്നിലോ തുടരാനാകും.
ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുടെയും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെയും ഉപദേശപ്രകാരം തീരുമാനിച്ച പുതിയ നടപടി സാധാരണ ഇന്‍ഡോര്‍ സന്ദര്‍ശനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള അടുത്ത ഘട്ടമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. നമ്മള് ആഗ്രഹിക്കുന്നിടത്തേക്ക് മടങ്ങാനുള്ള ആദ്യപടിയാണ് ഇതെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതിനുള്ള തന്റെ റോഡ്മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തിങ്കളാഴ്ച വെളിപ്പെടുത്താനിരിക്കെയാണ് കെയര്‍ ഹോം ഇളവുകള്‍ നല്‍കുന്നത്. വാക്സിനുകള്‍ ട്രാന്സ്മിഷന് നിരക്ക് കുറച്ചതായി പുതിയ ഡാറ്റ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഏറ്റവും പുതിയ എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കാണിക്കുന്നത് 10 കെയര്‍ ഹോം സ്റ്റാഫുകളില്‍ മൂന്നുപേര്‍ക്ക് ആദ്യത്തെ കൊറോണ വാക്സിന് ലഭിച്ചിട്ടില്ല എന്നാണ്. ഒരു ജാബിനുള്ള ഏറ്റവും മികച്ച നാല് മുന്‍ഗണനാ ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നിട്ടും ഇതാണ് സ്ഥിതി. യുകെയിലെ എല്ലാ കെയര്‍ ഹോം ജീവനക്കാര്‍ക്കും ആദ്യത്തെ വാക്സിനേഷന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഫെബ്രുവരി 15 നകം കെയര്‍ ഹോം ജീവനക്കാര്‍ക്കും 70 വയസിനു മുകളിലുള്ളവര്‍ക്കും ഫ്രണ്ട് ലൈന്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും കുത്തിവയ്പ് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളില്‍ താമസിക്കുന്ന എല്ലാ അന്തേവാസികള്‍ക്കും ആദ്യത്തെ കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി.
സുപ്രധാന നാഴികക്കല്ല് താണ്ടിയതായി സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണ്. പ്രാദേശികമായി മഹാമാരി രൂക്ഷമായ ഇടങ്ങളില്‍ മാത്രമാണ് സുരക്ഷ പരിഗണിച്ച് കെയര്‍ ഹോം സന്ദര്‍ശനം ഒഴിവാക്കി വെച്ചിരിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സുരക്ഷിതമാകുമ്പോള്‍ ഇവിടെയും വാക്സിന് എത്തിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി.
കെയര്‍ ഹോം അന്തേവാസികളെ സംരക്ഷിക്കുമെന്ന വാഗ്ദാനമാണ് നടപ്പാക്കിയത് എന്ന് ബോറിസ് വ്യക്തമാക്കി. എന്നാല്‍ സ്വന്തം വീടുകളില്‍ കഴിയുന്ന പ്രായമായവരെ ഇതിനിടയില്‍ സര്‍ക്കാര്‍ ആക്ഷേപമുണ്ട്. സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്സ് സന്ദര്‍ശിക്കുന്ന പ്രായമായവര്‍ക്ക് വാക്സിന് ലഭ്യമാക്കുന്നില്ലെന്നാണ് പരാതി.