യുകെയില്‍ പൊതുവെ കോവിഡ് കേസുകള്‍ കുറഞ്ഞുവരവേ സ്കോട്ട്ലന്‍ഡിലെ ജയിലുകളില്‍ കോവിഡ് കേസുകള്‍ പെരുകുന്നു. ഇവിടെ ഒരാഴ്ചക്കിടെ കേസുകള്‍ ഇരട്ടിയായി . സ്കോട്ടിഷ് ജയിലുകളിലെ കോവിഡ് കേസുകള്‍ ഒരാഴ്ചക്കിടെ 189ല്‍ നിന്നും 364 ആയി വര്‍ധിച്ചുവെന്നാണ് ഒഫീഷ്യല്‍ സ്കോട്ടിഷ് പ്രിസന്‍ സര്‍വീസ് (എസ്പിഎസ്) സ്റ്റാറ്റിറ്റിക്സ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എച്ച്എംപി കില്മാനോക്കിലുണ്ടായ 247 കോവിഡ് കേസുകളാണ് ഈ വര്‍ധനവിന് പ്രധാന കാരണമായി തീര്‍ന്നത്.
നിലവിലെ അവസ്ഥ പരിഗണിച്ച് സ്കോട്ട്ലന്‍ഡിലെ ജയിലുകളിലെ തടവ് പുള്ളികളുടെ എണ്ണം പരമാവധി വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് ദി സ്കോട്ടിഷ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തടവ് പുള്ളികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനാണ് മുന്‍ഗണനയേകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ ജയിലുകളിലുണ്ടായ രോഗബാധ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു.
സ്കോട്ട്ലന്‍ഡിലെ 11 ജയിലുകളിലെ 731 അന്തേവാസികളെ മുന്‍കരുതലായി സെല്‍ഫ് ഐസൊലേഷനിലാക്കിയിട്ടുണ്ടെന്നാണ് എസ്പിഎസ് പറയുന്നത്. നിലവില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ജയില്‍ പുള്ളികളില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സ്കോട്ട്ലന്‍ഡിലെ ജയിലുകളില്‍ 7413 തടവ് പുള്ളികളാണുള്ളത്. സ്കോട്ട്ലന്‍ഡില്‍ വെസ്റ്റ് ലോത്തിയനിലെ എച്ച്എംപി അഡിവെലില് 90 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എച്ച്എംപി ഡംഫ്രൈസില്‍ 25 കേസുകളാണുള്ളത്.
കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ എച്ച്എംപി കില്മാനോക്കില് കോവിഡ് കേസുകളില്‍ 52 ശതമാനത്തിലധികം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഇവിടെ കേസുകള്‍ 162ല്‍ നിന്നും 247 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ശേഷിക്കുന്ന രണ്ട് കേസുകള്‍ മറ്റ് ജയിലുകളിലാണുള്ളത്. ജയിലുകളിലെ കേസുകളെ കൈകാര്യം ചെയ്യാനായി ഹെല്‍ത്ത് ബോര്‍ഡുകളിലെ പബ്ലിക് ഹെല്‍ത്ത് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് എസ്പിഎസ് അറിയിച്ചു.