നാട്ടുവാര്‍ത്തകള്‍

കേരളത്തില്‍ ഇടതുമുന്നണിയ്ക്കു ഭരണത്തുടര്‍ച്ച പ്രവചിച്ച് സര്‍വേ ഫലങ്ങള്‍

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോള്‍ യുഡിഎഫ് 59 മുതല്‍ 65 സീറ്റ് മാത്രം നേടി വീണ്ടും പ്രതിപക്ഷത്ത് ഇരിക്കുമെന്നും എന്‍ഡിഎ നിലമെച്ചപ്പെടുത്തി മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതല്‍ 26 സീറ്റ് വരെ നേടും. യുഡിഎഫിന് 12 മുതല്‍ 14 സീറ്റേ ഇവിടെ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതല്‍ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്.

വടക്കന്‍ കേരളത്തില്‍ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം. 43 ശതമാനം വോട്ടോടെ 32 മുതല്‍ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതല്‍ 26 വരെ സീറ്റാണ് ലഭിക്കുക. എന്‍ഡിഎ 7 സീറ്റ് വരെ നേടാം. രണ്ട് മുതല്‍ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു. തൃശ്ശൂര്‍ മുതല്‍ കോട്ടയം വരെയുള്ള മധ്യകേരളത്തില്‍ എല്‍ഡിഎഫിന് ഇക്കുറി 16 മുതല്‍ 18 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നാണ് ഫലം. ഇവിടെ യുഡിഎഫ് 23 മുതല്‍ 25 സീറ്റ് വരെ സീറ്റ് നേടും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും സര്‍വേ പ്രവചിക്കുന്നു.

സംസ്ഥാനത്ത് 18 മുതല്‍ 25 വയസുവരെയുള്ളവരില്‍ 41 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 35 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനുമാണ്. എന്‍ഡിഎയെ പിന്തുണക്കുന്നത് 21 ശതമാനം പേര്‍. 26 മുതല്‍ 35 വയസുവരെ പ്രായക്കാരില്‍ 41 ശതമാനം പേര്‍ ഇടതുമുന്നണിയെയും 38 ശതമാനം പേര്‍ യുഡിഎഫിനെയും പിന്തുണക്കുന്നു. 19 ശതമാനം പേര്‍ എന്‍ഡിഎ അനുകൂല നിലപാടുകാരാണ്. 36 നും 50നും ഇടയില്‍ പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ എല്‍ഡിഎഫിന് ഒപ്പമാണ്. 39 ശതമാനം പേര്‍ യുഡിഎഫിന് ഒപ്പമാണ്. 17 ശതമാനം പേര്‍ എര്‍ഡിഎയ്ക്ക് ഒപ്പം. 50 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 46 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനും 40 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 12 ശതമാനം പേരുടെ പിന്തുണ എന്‍ഡിഎയ്ക്കുമാണ്.

ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിണറായി വിജയന്റെ പേര് തന്നെ പറഞ്ഞു. ഉമ്മന്‍ചാണ്ടി മതിയെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒന്‍പത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂര്‍ മൂന്നാമതെത്തി. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഏഴ് ശതമാനം പേരുടെ പിന്തുണ തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആറ് ശതമാനം പേരുടെ വീതം പിന്തുണയാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് നാല് ശതമാനം പേരുടെയും പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ശതമാനം പേരുടെയും പിന്തുണ ലഭിച്ചു.

അതിനിടെ, ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വേയും പുറത്തുവന്നു. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വേ പ്രവചിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. 40.72 ശതമാനം പേര്‍ യുഡിഎഫിനെയും 16.9 ശതമാനം പേര്‍ എന്‍ഡിഎയെയും പിന്തുണച്ചു.

പൊതുജനങ്ങളുടെ മനസിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 30 ശതമാനം പേരാണ് പിണറായി വിജയനെ മുഖ്യമന്ത്രിയായി ചൂണ്ടിക്കാണിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ 22 ശതമാനം പേരും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരുമാണ് പിന്തുണച്ചത്. കെകെ ശൈലജ ടീച്ചര്‍: 11 ശതമാനം, ഇ ശ്രീധരന്‍: 10 ശതമാനം, കെ സുരേന്ദ്രന്‍: 9 ശതമാനം.

യുഡി എഫിന്റെ കെട്ടുറപ്പില്ലായ്മയാണ് വിവാദങ്ങള്‍ക്കിടെയിലും ഇടതുമുന്നണിയ്ക്കു നേട്ടമുണ്ടാകുന്നത് എന്നാണ് വിലയിരുത്തല്‍.

 • ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway