ബ്രിട്ടന്റെ ഭരണത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാമുകി കാരി സിമണ്ട്സിന്റെ അനാവശ്യ ഇടപെടലുകള്‍ക്കെതിരെ അന്വേക്ഷണം ആവശ്യപ്പെട്ട് ടോറി പാര്‍ട്ടിയിലെ ഉന്നതര്‍. ബോറിസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ചമഞ്ഞാണ് കാരിയുടെ പ്രവൃത്തി എന്നാണ് ആരോപണം. യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരിക്കെ, സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ കാരി സിമണ്ട്സിന്റെ ഇടപെടല്‍ വലിയ തോതില്‍ ഉണ്ടാകുന്നുണ്ട് എന്നാണ് ആരോപണം. പാര്‍ട്ടിയിലോ ഗവണ്മെന്റിലോ ഒരു സ്ഥാനവും ഇല്ലാതിരിക്കെ, രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങളിലും സിമണ്ട്സിന്റെ സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നാണ് വിമര്‍ശനം. ടോറി പാര്‍ട്ടിയിലെ തന്നെ ഉന്നത ചിന്താഗതിക്കാരുടെ കൂട്ടമായ ബോ ഗ്രൂപ്പാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉപദേശകരേയും, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും കാരി ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് ടോറി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ബോറിസ് ജോണ്‍സനും കാരിക്കും ഒരു കുട്ടിയും ഉണ്ട്.
ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കാരിയുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ സര്‍ക്കാര്‍ ഉപദേശകരായി നിയമിക്കപ്പെട്ട ബറോനെസ് ഫിന്, ഹെന്റി ന്യൂമാന്‍ എന്നിവര്‍ കാരിയുടെ അടുത്ത വിശ്വസ്ഥര്‍ ആണെന്നാണ് ആരോപണം.
ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നുള്ള ആവശ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയിലാണ് സിമണ്ട്സിന്റെ ഇടപെടല്‍ എന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് സിമണ്ട്സിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.