മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന സിനിമ ബറോസിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബറോസിന്റെ അണിയറപ്രവര്‍ത്തകരാണ് മോഹന്‍ലാലും തിരക്കഥാകൃത്ത് ജിജോ പുന്നൂസും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. ബറോസ് ഡിസ്കഷന്സ് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം ജിജോ പുന്നൂസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി അഭ്യുഹങ്ങളുണ്ട്.
ബറോസിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. അദ്ദേഹം ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഭാഗമാകുന്നതിലെ സന്തോഷം അറിയിച്ചിരുന്നു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.