പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസ്: പ്രതിയായ ബന്ധു തൂങ്ങിമരിച്ച നിലയില്‍
ഇടുക്കി: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനായ അരുണിനെ (അനു-28) ആണ് പവര്‍ഹൗസിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്നതിന് 200 മീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനി രേഷ്മയുടെ കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ അരുണിന്റെ വാടക വീട്ടില്‍ നിന്ന് ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് വേണ്ടി ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടിമറയുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു. പോലീസ് നടത്തിയ തിരച്ചില്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അരുണിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങള്‍ പരിശോധന നടന്നിരുന്നതാണ്. ഒളിവിലായിരുന്ന അരുണ്‍ ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച സ്കൂള്‍ വിട്ട് ഇയാള്‍ക്കൊപ്പം നടന്നുപോകുന്ന കണ്ട രേഷ്മയെ പിന്നീട് നെഞ്ചില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് കാടിനടുത്ത് നിന്ന് കണ്ടെത്തിയത്.