യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇന്നലെ ആറാഴ്ചക്കിടെ ആദ്യമായി ഉയര്‍ന്ന് 10,641ലെത്തി. എന്നാല്‍ പ്രതിദിന മരണം ഡിസംബര്‍ 13ന് ശേഷം ഏറ്റവും താഴ്ന്ന് 178 ലെത്തിയത് ആശ്വാസം ആയി. പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച 9765 കേസുകള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ ഒമ്പത് ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച 230 കോവിഡ് മരണങ്ങള് രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ 22.6 ശതമാനം താഴ്ചയാണുണ്ടായിരിക്കുന്നതെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 13ന് 144 കോവിഡ് മരണങ്ങള് രേഖപ്പെടുത്തിയതിന് ശേഷം ഏറ്റവും കുറവ് പ്രതിദിന കോവിഡ് മരണങ്ങള് രാജ്യത്തുണ്ടായ ദിവസമാണ് ഇന്നലെ.
ഇന്നലെ രാജ്യത്ത് വെറും ഒന്നരലക്ഷത്തോളം കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം വാക്സിനേഷന് ത്വരിതപ്പെടുത്തിയതിന് ശേഷം ഏറ്റവും കുറഞ്ഞ എണ്ണം വാക്സിനുകള്‍ പ്രദാനം ചെയ്ത ദിവസവുമായിരുന്നു ഇന്നലെ. കാര്യക്ഷമമായ വാക്സിനേഷനിലൂടെ രാജ്യത്തെ മഹാമാരിയെ പിടിച്ച് കെട്ടാനും അതിലൂടെ ലോക്ക്ഡൗണ്‍ എടുത്ത് മാറ്റാനും സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് വാക്സിനേഷനില്‍ ഇത്രവലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ലോക്ക്ഡൗണ്‍ എടുത്ത് മാറ്റുന്നതിനുള്ള വിശദമായ റോഡമാപ്പ് പ്രധാനമന്ത്രി ബോറിസ് ഇന്നലെ പുറത്ത് വിട്ട വേളയിലാണ് പുതിയ കോവിഡ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത് . യുകെയിലെ ലോക്കല്‍ അഥോറിറ്റികളില്‍ 15 ശതമാനത്തില്‍ നിലവില്‍ കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ സെപ്റ്റംബറിലേക്കാള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയേറ്റുന്നുണ്ട്. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ 380 കൗണ്‍സിലുകളില്‍ 59 കൗണ്‍സിലുകളിലും ഫെബ്രുവരി 16ന് അവസാനിച്ച ആഴ്ചയില്‍ ചെറിയ തോതില്‍ കോവിഡ് വ്യാപനം രേഖപ്പെടുത്തിയിട്ടുണ്ട്.