കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സംവിധാകന് രഞ്ജിത്ത് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റിങ് എംഎല്‍എ പ്രദീപ് കുമാറിന് തന്നെയാണ് സാധ്യത. മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നല്കാന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടും.
കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് സീറ്റില്‍ മത്സരിക്കാന്‍ രഞ്ജിത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. പാര്‍ട്ടി പറയുകയാണെങ്കില്‍ താന്‍ മത്സരിക്കുമെന്ന് രഞ്ജിത്ത് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പ്രദീപ് കുമാറിനെ ഒരിക്കല്‍ക്കൂടി പരിഗണിക്കണമെന്ന കാര്യം ആലോചിക്കുന്നത്. കോഴിക്കോട് നോര്‍ത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രദീപ് കുമാറിന് ഒരു അവസരംകൂടി നല്‍കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.
ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം രഞ്ജിത്തിനെ ബന്ധപ്പെട്ടെന്നാണ് വിവരം. ഇതിനു പിന്നാലെ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് രഞ്ജിത്ത് ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു.
പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രദീപ് കുമാര്‍ വികസനനായകനാണെന്നും തന്നേക്കാള്‍ വിജയസാധ്യത അദ്ദേഹത്തിനാണെന്നും രഞ്ജിത്ത് പ്രതികരിച്ചെന്നാണ് വിവരം.
ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെയും സെക്രട്ടേറിയറ്റ് പരിഗണിക്കുന്നുണ്ട്. പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന് മത്സരിച്ചേക്കും. കൊയ്ലാണ്ടി കെ ദാസന്റെ കാര്യത്തില്‍ ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടുമെന്നാണ് വിവരം.