രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിനായി പിജെ ജോസഫ് നിയമ പോരാട്ടം സുപ്രീം കോടതിയിലെത്തിച്ചു. രണ്ടില ചിഹ്നവും പാര്‍ട്ടി പേരും ജോസ് കെ മാണി വിഭാഗത്തിന് നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണം എന്നും ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസാണ് കേസ് ഫയല്‍ ചെയ്തത്.
കഴിഞ്ഞ സെപ്തംബറിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്. എന്നാല്‍ ഇതിനെതിരെ ജോസഫ് വിഭാഗം അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഇതിനെതിരെയാണ് കുര്യാക്കോസ് സുപ്രീംകോടതിയെ സമീപിച്ചത്.
കെഎം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് ഇരുവിഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം ഹൈക്കോടതി അംഗീകരിച്ചുകൊണ്ട് അംഗബലം കൂടുതലുള്ള ജോസ് പക്ഷത്തിന് ചിഹ്നവും പേരും അനുവദിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ജോസഫ് പക്ഷത്തിന്റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് വിഭാഗത്തിന് ചിഹ്നം ലഭിച്ചത് ജോസഫ് പക്ഷത്തിന് ക്ഷീണമുണ്ടാക്കിയിരുന്നുവെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാന്‍ ഉള്ള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.