കോട്ടയം: അയര്‍ക്കുന്നത്ത് യുകെ മലയാളിയുടെ അമ്മയെ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ ആളെ ഒരു മാസത്തിനു ശേഷം പിടികൂടി. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുടെ അമ്മ ലിസമ്മയെ തോക്കു ചൂണ്ടി കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടുമഠം ശ്രീരാജ് നമ്പൂതിരി (27) ആണ് അറസ്റ്റിലായത്.
ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഫെബ്രുവരി 10നാണ് അയര്‍ക്കുന്നം പുത്തന്‍വീട്ടില്‍ ജോസിന്റെ ഭാര്യ ലിസമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ജോസ് പുറത്തു പോയ സമയത്ത് ശ്രീരാജ് വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തു കയറിയായിരുന്നു കവര്‍ച്ച. കൈയിലിരുന്ന കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലിസമ്മയുടെ വായില്‍ തുണി തിരുകുകയും കൈയും കാലും കെട്ടിയിടുകയും ചെയ്തശേഷം ആറു പവന്റെ മാല ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന പത്തൊന്‍പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു. ഒറ്റപ്പെട്ടെ വീട്ടിലായിരുന്നു മോഷണമെന്നതും വാഹനം ഉപയോഗിക്കാതിരുന്നതും വലിയ മാസ്ക് വച്ചിരുന്നതും പ്രതിയെ കണ്ടെത്താന്‍ തടസമായി. മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല.
അമയന്നൂര്‍ ക്ഷേത്രത്തില്‍ മുന്‍പ് പൂജാരിയായിരുന്നു ഇയാള്‍. അവിടെ വച്ചു പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. അങ്ങിനെയാണ് ലിസമ്മയുടെ വീടിന്റെ സാഹചര്യം മനസിലാക്കിയത്. സംഭവസ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള സി.സി ടി.വി ദൃശ്യത്തില്‍ തുടങ്ങിയ സംശയത്തില്‍ നിന്ന് നാനൂറിലേറെ പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് ശ്രീരാജിനെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനിലൂടെയാണ് കളിത്തോക്ക് വാങ്ങിയത് .
കവര്‍ച്ചയ്ക്ക് ശേഷം ഷര്‍ട്ടും കൈയുറയും ലിസമ്മയുടെ വീട്ടില്‍ നിന്നെടുത്ത മൊബൈല്‍ ഫോണും വഴിയില്‍ ഉപേക്ഷിച്ചു. മോഷ്ടിച്ച കുറച്ചു സ്വര്‍ണം വില്‍ക്കുകയും ബാക്കി പണയം വയ്ക്കുകയും ചെയ്തു. പണം ഉപയോഗിച്ച് ഒരു സ്കോര്‍പിയോ കാറും മൊബൈല്‍ ഫോണും വാങ്ങി. പിന്നീട്, പഴനി, ചിദംബരം തക്കല തുടങ്ങിയിടങ്ങളിലായിരുന്നു തങ്ങിയത്. ട്രെയിന്‍ യാത്രക്കാരന്റെ പണവും കാമറയും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചതിന് കൊല്ലം റെയില്‍വേ പൊലീസിലും, അടുത്ത വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചതിന് കുമളി പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
ജില്ലാ പൊലിസ് മേധാവി ഡി.ശില്‍പ്പയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി എം. അനില്‍കുമാറും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.