ലോകത്തെ ഏറ്റവും ശക്തമായ പദവിയിലിരിക്കുന്ന ആള് കാറ്റടിച്ചാല്‍ വീഴുന്നയാളോ! അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അടിതെറ്റി വീഴല്‍ ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക പരത്തിയത്. എയര്‍ ഫോഴ്സ് വണ്ണിന്റെ പടികള്‍ കയറവെ മൂന്ന് തവണയാണ് ബൈഡന് അടിതെറ്റി വീണത്. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നിന്നും അറ്റ്ലാന്റയിലേക്ക് പറക്കാനായി വിമാനത്തില്‍ കയറവെയാണ് 78-കാരനായ ബൈഡന്റെ വീഴ്ച. ആദ്യതവണ കാല്വഴുതിപ്പോയതോടെ റെയ്ലിംഗില്‍ പിടിച്ച് വീഴാതെ നിന്ന അദ്ദേഹത്തിന് രണ്ടാമതും ചുവടുപിഴച്ചു. എന്നാല്‍ മൂന്നാമത് ചുവടുതെറ്റിയപ്പോള്‍ മുട്ടുകുത്തി വീഴുകയാണ് ചെയ്തത്. ഇതിന് ശേഷവും ഇവിടെ നിന്നും എഴുന്നേറ്റ് പടികള്‍ കയറി മുകളിലെത്തി സല്യൂട്ട് ചെയ്താണ് പ്രസിഡന്റ് വിമാനത്തില്‍ കയറിയത്.
അതേസമയം, പ്രസിഡന്റിന് യാതൊരു വിധത്തിലുള്ള കുഴപ്പവുമില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കാരീന് ജീന്‍ പിയേറി റിപ്പോര്‍ട്ടര്‍മാരെ അറിയിച്ചു. 'പുറത്ത് നല്ല കാറ്റുണ്ടായിരുന്നു. ഞാന്‍ തന്നെ പാടുപെട്ടാണ് പടികള്‍ കയറിയത്', അവര്‍ കൂട്ടിച്ചേര്‍ത്തു. അറ്റ്ലാന്റയിലെത്തിയ വിമാനത്തില്‍ നിന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എത്തുന്നത് വരെ ബൈഡന് പുറത്തിറങ്ങിയില്ല. ബൈഡന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഈ വീഴ്ച. എന്നാല്‍ കാറ്റ് മൂലമാണ് ബൈഡന് വീണതെന്നും, അദ്ദേഹം 100% ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
യുഎസ് മാധ്യമങ്ങള്‍ വീഴ്ചയെ കുറിച്ച് സംസാരിക്കാത്തതില്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ മകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ നിരാശ രേഖപ്പെടുത്തി. നാല് വര്‍ഷത്തോളം പിതാവിനെ എടുത്തിട്ട് പൂശിയ മാധ്യമങ്ങള്‍ ബൈഡനോട് മൃദുസമീപനം കാഴ്ചവെയ്ക്കുന്നുവെന്നാണ് ജൂനിയറിന്റെ പരാതി. എന്തായാലും ബൈഡന്റെ വീഴ്ച സോഷ്യല്‍മീഡിയയും പാശ്ചാത്യ മാധ്യമങ്ങളും വലിയ ആഘോഷമാക്കി.