ലണ്ടന്‍ : ബ്രിട്ടനിലെ മലയാളി സമൂഹം ഞെട്ടലോടെയാണ് തെക്കുംമുറി ഹരിദാസ് എന്ന ടി ഹരിദാസിന്റെ വിയോഗ വാര്‍ത്ത ശ്രവിച്ചത്. കാരണം യുകെയിലെ കുടിയേറ്റ മലയാളികള്‍ക്ക് അത്രയേറെ സുപരിചിതനായിരുന്നു അദ്ദേഹം. 'മലയാളികളുടെ അംബാസഡര്‍' എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്
നീണ്ട 46 വര്‍ഷം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സേവനം അനുഷ്ഠിച്ച ഹരിദാസ് 2018 നവംബറിലാണ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ തസ്തികയില്‍ നിന്നും വിരമിച്ചത്. ബ്രിട്ടനിലെ മലയാളികളുടെയെല്ലാം ഹരിയേട്ടനായിരുന്നു തെക്കുംമുറി ഹരിദാസ്. ഓണ്‍ലൈന്‍ സര്‍വീസുകള്‍ അന്യമായിരുന്ന കാലത്ത് ഹൈക്കമ്മിഷനിലെ എന്തുകാര്യത്തിനും മലയാളികള്‍ ആദ്യം ആശ്രയിച്ചിരുന്നതും അദ്ദേഹത്തിലായിരുന്നു.
1972ല്‍ ഹൈക്കമ്മിഷനില്‍ ജോലിയില്‍ പ്രവേശിച്ച ഹരിദാസ് 18 ഹൈക്കമ്മിഷണര്‍മാരോടൊപ്പം ജോലി ചെയ്തു. കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ലണ്ടനിലെ പ്രസിദ്ധമായ ലോര്‍ഡ് മേയേഴ്സ് ഷോയില്‍ കേരളത്തിന്റെ പ്ലോട്ട് അവതരിപ്പിച്ച് ശ്രദ്ധ നേടി. ലണ്ടനിലെ ദീപാവലി ഫെസ്റ്റിവലില്‍ കഥകളിയും ഭരതനാട്യവും ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് കേരള ടൂറിസത്തെയും സംസ്കാരത്തെയും പ്രോല്‍സാഹിപ്പിക്കാനും മുന്നിലുണ്ടായിരുന്നു. ടൂറിസം മേഖലയിലെ സംഭാവനകള്‍ക്കുള്ള ടൂറിസം മാന്‍ ഓഫ് അവാര്‍ഡ് (1999) ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
മലയാളി സമൂഹത്തിലെ സജീവസാന്നിധ്യവും മലയാളികളുടെ ഒട്ടേറെ സംരംഭങ്ങളുടെ നേതൃത്വവും വഹിച്ചിരുന്നു. കേരളാ ടൂറിസം ഫെസ്റ്റിവല്‍, ഇന്ത്യാ വീക്ക്, സൂര്യ ഫെസ്റ്റിവല്‍, യേശുദാസ് മ്യൂസിക് അക്കാദമി എന്നിവയുടെ നടത്തിപ്പിലും ലണ്ടനിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ നിര്‍മാണത്തിലും മുഖ്യ പങ്കുവഹിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ മുടങ്ങാതെ ഓണാഘോഷം സംഘടിപ്പിക്കാനും ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ അയ്യപ്പപൂജയും മറ്റും സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്കി.
കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിലെ ഒട്ടേറെ പ്രമുഖരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഹരിദാസ് ഒഐസിസി യുകെയുടെ കണ്‍വീനറും ലോക കേരള സഭയുടെ പ്രസീഡിയം അംഗവുമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ നിരവധി മലയാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഗ്ലോബല്‍ കേരളാ ഫൗണ്ടേഷന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും നോര്‍ക്കയുടെ ഫോളോ അപ് കമ്മിറ്റി മെംബറുമായിരുന്നു.
കേരളാ ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്സിന്റെ മാനേജിങ് ഡയറക്ടറാണ്. സെന്‍ട്രല്‍ ലണ്ടനിലെ മലബാര്‍ ജംഗ്ഷന് റസ്റ്ററന്റ് ഉള്‍പ്പെടെ പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് ഗ്രൂപ്പിനു കീഴിലുള്ളത്.