കൊച്ചി: തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സ്വര്‍ണ കടത്ത്, ഡോളര്‍ കടത്ത്, ഐ ഫോണ്‍ വിവാദം , കിഫ്ബി എന്നിങ്ങനെ സിപിഎം മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു പിണറായി സര്‍ക്കാര്‍. അന്വേഷണത്തിന് റിട്ട. ജഡ്ജി കെ. വി. മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷിക്കുക.
രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് തടിയൂരാനും മുഖം രക്ഷിക്കാനും വിഷയം മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സര്‍ക്കാരുകള്‍ പൊതുവെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. നികുതിപ്പണം ചെലവാക്കി നീണ്ട കാലങ്ങള്‍ക്കു ശേഷമുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൊതുവെ ഫയലില്‍ ഉറങ്ങുകയാണ് പതിവ്. ഡസന്‍ കണക്കിന് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ക്ക് മേലാണ് സര്‍ക്കാരുകള്‍ അടയിരിക്കുന്നത്. തിരഞ്ഞെടുപ്പുവേളയിലെ ഈ കമ്മീഷന് പ്രഖ്യാപനം തന്നെ പ്രതിരോധത്തിനായാണ്.
സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളിലും അഴിമതി ആരോപണങ്ങള്‍ ഉയരുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റിനെതിരെ കേസെടുത്തു. തുടര്‍ന്നാണ് മന്ത്രിസഭായോഗം ചേര്‍ന്ന് കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യത്തെ പ്രത്യേകം വിലയിരുത്തും. ഒപ്പം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയോ, ഉണ്ടെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന് പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ജുഡീഷ്യല്‍ കമ്മിഷന് അധ്യക്ഷനായി ജസ്റ്റിസ്. വി.കെ. മോഹനനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കൂടി ആവശ്യമാണ്. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങൂ.