കോവിഡ് മഹാമാരിയുടെ ഭീതിക്കിടെ ഓശാന ഞായര്‍ ആഘോഷിച്ച് ക്രൈസ്തവര്‍. ആളും ആരവവുമൊഴിഞ്ഞു ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ ഓശാന ചടങ്ങുകള്‍ നടത്തി. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ ആഴ്ചയുടെ തുടക്കം കുറിച്ച് ഒറ്റയ്ക്കാണ് അദ്ദേഹം സര്‍വ്വീസ് നടത്തിയത്. കൊറോണാവൈറസ് യൂറോപ്പില്‍ പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിലുള്ള ഇറ്റലിയില്‍ യാത്രക്കും, മറ്റ് സഞ്ചാരങ്ങള്‍ക്കും വിലക്കുണ്ട്. ഇതോടെ ജനക്കൂട്ടം ചടങ്ങുകളില്‍ നിന്നും ഒഴിവായി.
നേരത്തെ ആയിരക്കണക്കിന് തീര്‍ത്ഥാടകരെയും, ടൂറിസ്റ്റുകളെയും സാക്ഷിയാക്കി സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഒലിവ് കൊമ്പുകളും, ഓലയുമേന്തി പുറത്ത് നടക്കുന്ന കുര്‍ബാനയിലേക്ക് നയിക്കുന്ന ഘോഷയാത്രയാണ് പരമ്പരാഗതമായി നടക്കാറുള്ളത്. എന്നാല്‍ ഇറ്റലിയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാര്‍പാപ്പ നടപടിക്രമങ്ങള്‍ നിയന്ത്രണത്തോടെയാണ് നയിക്കുന്നത്.
കൊറോണാവൈറസ് മഹാമാരിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആളുകള്‍ കൂടുതല്‍ അവശരും, സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്ന് മാര്‍പാപ്പ പറഞ്ഞു. പിശാച് ഈ പ്രതിസന്ധി മുതലാക്കുകയാണ്. മഹാമാരി മൂലം ശാരീരികവും, മാനസികവും, ആത്മീയവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതായും പോപ്പ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടില്‍ പുതിയ ഇളവുകള്‍ വന്നതോടെ കത്തീഡ്രലുകളില്‍ പുരോഹിതന്മാര് ഗാനങ്ങള്‍ ആലപിച്ചു. അതേസമയം ജെറുസലേം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ചു.