തിരുവനന്തപുരം: കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിയാണ് സര്‍വേകളിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാധ്യമങ്ങള്‍ സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് ആഴ്ച തോറും പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ജനപ്രീതിയുള്ള നേതാവാണെന്നാണ് എല്ലാ സര്‍വേകളും പറഞ്ഞിരുന്നത്. അതേസമയം രമേശ് ചെന്നിത്തലയെ കുറച്ച് പേര് മാത്രമാണ് പിന്തുണച്ചത്.
അഭിപ്രായ സര്‍വേകള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന കിഫ്ബി സര്‍വേയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു.