കേരളത്തിന്റെ ഭാവിയില്‍ ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പ് പ്രക്രിയ കണ്ടു ഗ്യാലറിയില്‍ ഇരിക്കാനാണ് ദശ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ഇത്തവണത്തേയും വിധി. പ്രവാസി വോട്ടു ഇക്കുറിയെങ്കിലും യാഥാര്‍ഥ്യമാകുമെന്നും നിര്‍ണായക വോട്ടു ബാങ്കായി പ്രവാസി സമൂഹം മാറുമെന്നുമാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഒന്നും നടന്നില്ല. ഫലം കാഴ്ചക്കാരന്റെ പതിവ് റോളായി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നവര്‍ ഒരിക്കല്‍ക്കൂടി മാറപ്പെട്ടു.
പ്രവാസി കുടുംബങ്ങള്‍ ഏറെയുള്ള മധ്യ തിരുവിതാംകൂറിലെ ജില്ലകളിലെ പോളിങ് ശതമാനത്തിലെ കുറവ് അക്കാര്യം അടിവരയിടുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രവാസികളുടെ അഭാവം വോട്ടിങ്ങില്‍ കൂടുതല്‍ പ്രകടമാവുന്നത്. കടുത്തുരുത്തി പോലെ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത് ഏറെ നിര്‍ണായകവുമാണ്. കൊറോണയും ലോക് ഡൗണും മൂലം നാട്ടില്‍ എത്തുന്നവര്‍ അപൂര്‍വമാണ്. സന്ദര്‍ശക വിസയില്‍ പോയവര്‍പോലും തിരിച്ചെത്താനാവാതെ വിദേശങ്ങളില്‍ കുടുങ്ങിയതോടെ നാട്ടിലെ പല പ്രവാസി വീടുകളും അടച്ചു പൂട്ടപ്പെട്ട നിലയിലാണ്. അതുകൊണ്ടുതന്നെ ഇത്തവണ വോട്ടിങ്ങിലെ പ്രവാസി സംഭാവന ഒട്ടും തന്നെയില്ലെന്നു പറയാം.
വിദേശത്തുള്ള പാര്‍ട്ടി അനുഭാവികളോട് നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താന്‍ എല്ലാ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിമാനടിക്കറ്റ് പോലും പാര്‍ട്ടിയും പോഷക സംഘടനകളം എടുത്ത് നല്‍കുമെന്നൊക്കെയായിരുന്നു വാഗ്ദാനം. ഇതിനായി പ്രവാസി ബ്രാഞ്ച് ഘടകങ്ങളോട് പാര്‍ട്ടികളെല്ലാം നിര്‍ദ്ദേശം നല്കി. എന്നാല്‍ കൊറോണ കാലത്തു നാമമാത്ര വരവ് പോലും അസാധ്യമായി . സിപിഎം, കോണ്‍ഗ്രസ്, ബിജെപി, മുസ്ളിംലീഗ് കക്ഷികള്‍ക്കെല്ലാം ഓവര്‍സീസ് ഘടകങ്ങളുണ്ട്. പ്രവാസലോകത്തിലാണെങ്കിലും നാട്ടിലെ എല്ലാ ആവേശത്തിലെല്ലാം ഇവര്‍ പങ്കു കൊള്ളാറുണ്ട്.
കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും അതേരൂപത്തില്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. എന്നാല്‍ പ്രവാസി വോട്ടു ഇല്ലാത്തതിനാല്‍ വികസനവും പുനര്‍നിര്‍മാണവും പുനരധിവാസവും ഒന്നുമല്ല നാട്ടിലെ തിരഞ്ഞെടുപ്പു വിഷയം. മറിച്ചു വിശ്വാസവും മതവുമൊക്കെയാണ്.