യുകെയില്‍ കോവിഡ് ബാധിതരില്‍ ഡിമെന്‍ഷ്യ ,ഡിപ്രഷന് ഉണ്ടാകുന്നതിനുള്ള സാധ്യതകളേറി വരുന്നുവെന്ന് ഏറ്റവും പുതിയ പഠനം. കഴിഞ്ഞ ആറ് മാസങ്ങളില്‍ കോവിഡിന് ചികിത്സ ചെയ്തവരില്‍ ഈ പറഞ്ഞ ബുദ്ധിമുട്ടുകളും മാനസിക പ്രശ്നങ്ങളും സ്ട്രോക്ക് പോലുള്ള അസുഖങ്ങളും ഉണ്ടാകുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു.
കോവിഡ് ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരിലും സൈക്കോളജിക്കല്‍ അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ ആയ പ്രയാസങ്ങളുണ്ടാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ കോവിഡ് ബാധിച്ച് ഹോസ്പിറ്റല്‍ അല്ലെങ്കില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ അപകടസാധ്യതയേറിയിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണം മാനസിക സമ്മര്‍ദമേറിയതും വൈറസ് മസ്തിഷ്കത്തിന് മേല്‍ നേരിട്ട് ആഘാത മേല്പ്പിക്കുന്നതും കോവിഡ് രോഗികളുടെ സ്ഥിതി ദീര്‍ഘകാലത്തേക്ക് വഷളാക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
യുഎസിലെ അര മില്യണ്‍ രോഗികളുടെ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡുകളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കിയാണ് യുഎസ് സയന്റിസ്റ്റുകള്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. കോവിഡ് രോഗികളില്‍ സാധാരണമായി 14 തരം സൈക്കോളജിക്കല്‍ അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മസ്തിഷ്ക തകരാറ്, സ്ട്രോക്ക്, പാര്‍ക്കിന്‍സന്‍സ്, ഗില്ലന്‍ ബാരി സിന്‍ഡ്രോ,ഡിമെന്‍ഷ്യ, സൈക്കോസിസ്, മൂഡി ഡിസ്ഓര്‍ഡറുകള്‍, ആന്ക്സൈറ്റി ഡിസ്ഓര്‍ഡറുകള്‍ തുടങ്ങിയവയാണിവ.ഉത്കണ്ഠ, മൂഡ് ഡിസ് ഓര്‍ഡറുകള്‍ എന്നിവ കോവിഡ് ബാധിച്ചവരില്‍ പൊതുവെ കണ്ടു വരുന്ന ബുദ്ധിമുട്ടുകളാണ്. ഇത്തരക്കാര്‍ രോഗം വഷളാകാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനും സാധ്യതയേറെയാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.