ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ കരുത്തയായ പ്രസിഡന്റ് എന്ന നിലയില്‍ ലോക പ്രശസ്തയാണ് ഉര്‍സുല വോണ്‍ഡെര്‍ ലെയെന്‍. ബ്രിട്ടനുമായുള്ള വിലപേശലിലൊക്കെ ശക്തമായ നിലപാടുമായി വിട്ടുവീഴ്ചയ്ക്ക് മടിച്ച നേതാവ്. അങ്ങനെയുള്ള ഉര്സുലക്കു തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കു കസേരയില്ലാതെ നില്ക്കേണ്ടിവരുന്നത് എന്തൊരപമാനമാണ്. തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് എന്നിവരുടെ യോഗത്തില്‍നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍മീഡിയയിലൂടെ വിവാദത്തിനു തിരികൊളുത്തിയത് .
മറ്റ് രണ്ട് പുരുഷ നേതാക്കളും അടുത്തടുത്തുള്ള കസേരകളില്‍ ഇരുന്നപ്പോള്‍ ഉര്‍സുലയ്ക്ക് അവിടെ സീറ്റില്ലാതായി. ഒടുവില്‍ അല്പം ദൂരത്തുള്ള ഒരു സോഫയിലാണ് അവര്‍ക്കു ഇരിക്കേണ്ടിവന്നത്. തുര്‍ക്കിയിലെ അങ്കാരയില്‍ ചൊവ്വാഴ്ച നടന്ന യോഗത്തിനിടെയായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്ക് മൂവരും വലിയ മുറിയിലെത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെയും തുര്‍ക്കിയുടെയും പതാകകള്‍ക്ക് മുന്നിലായി രണ്ടു കസേരകളാണ് ക്രമീകരിച്ചിരുന്നത്. ഏര്‍ദോഗനും മൈക്കിളും ഇതില്‍ ആദ്യം സ്ഥാനം പിടിച്ചപ്പോള്‍ തനിക്കു കസേരയില്ലേ എന്ന ഭാവത്തില്‍ ഉര്‍സുല അമ്പരന്ന് നില്ക്കുന്നതും 'എം' എന്ന പ്രതികരണം നടത്തുന്നതും വീഡിയോയില്‍ കാണാം.
പിന്നീട് അല്പം ദൂരത്തുള്ള സോഫയില്‍ ഇരിക്കാന്‍ ഉര്‍സുല നിര്‍ബന്ധിതയായി. അവര്‍ക്കൊരു ഇരിപ്പിടം നല്‍കൂവെന്ന എന്ന ഹാഷ്ടാഗിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സ്ത്രീകളുടെ അവകാശവും യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് ലിംഗവിവേചനം നടന്നത്. ഉര്സുലക്കു കസേര നല്‍കാത്ത വിഷയം വലിയ വിമര്‍ശനത്തിന് ഇടായാക്കി.