നാട്ടുവാര്‍ത്തകള്‍

കോവിഷീല്‍ഡ്‌: യുകെയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജനനതീയതിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും

ന്യൂഡല്‍ഹി: വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. ഇതോടെ കോവിഷീല്‍ഡ് വാക്സിന്റെ പേരില്‍ ഇന്ത്യയും യുകെയും തമ്മിലുള്ള ഭിന്നത അവസാനിക്കും. കോവിഷീല്‍ഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കവര്‍ക്കു യുകെയില്‍ പത്തു ദിവസത്തെ ഹോട്ടല്‍ ക്വറന്റൈന്‍ ഒഴിവാക്കുവാനും സാധിക്കും.

അന്താരാഷ്ട്ര യാത്രികര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചയാളുടെ ജനനതീയതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന യുകെയുടെ നിലപാടനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്ന് കോവിന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പേര്, പ്രായം, ലിംഗം, റഫറന്‍സ് ഐഡി, വാക്‌സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിവയാണുള്ളത്. ഇതിനൊപ്പം വാക്‌സിന്‍ സ്വീകരിച്ച ആളുടെ ജനന തീയതി കൂടി, ദിവസം-മാസം-വര്‍ഷം എന്ന ക്രമത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശ യാത്ര നടത്തേണ്ടവര്‍ക്കുവേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ യാത്ര നടത്തേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ ജനന തീയതി കൂടി ചേര്‍ത്ത ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രണ്ട് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് അടുത്ത ആഴ്ച മുതല്‍ പരിഷ്കരിച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമായിത്തുടങ്ങും. വാക്‌സിന്‍ സന്‍ട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം പറഞ്ഞാണ് യുകെ ഇന്ത്യക്കാരെ വാക്സിനെടുക്കാത്തവരുടെ ഗണത്തില്‍പ്പെടുത്തിയത്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടതെന്നായിരുന്നു യുകെയുടെ നിലപാട്. ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യുകെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്നും ബ്രിട്ടന്‍ നിലപാടെടുത്തിരുന്നു.

കോവിഡ് വാക്സീന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് യു കെയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ നടപടി ഏറെ വിവാദമായിരുന്നു. ബ്രിട്ടീഷ് നിര്‍മിത ഓക്സ്ഫോര്‍ഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡുപോലും അം​ഗീകരിക്കില്ലെന്ന യു കെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധവും അറിയിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും യുകെയില്‍ ഒക്ടോബര്‍ നാലു മുതല്‍ പത്തു ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പട്ടികയിലാകും ഇന്ത്യയില്‍ നിന്ന് വരുന്നവരെ ഉള്‍പ്പെടുത്തുക. അതായത് ഫലത്തില്‍ ഇന്ത്യ റെഡ്‌ലിസ്റ്റില്‍ തുടരുന്നതിനു ഏതാണ്ട് സമാനമായിരുന്നു അവസ്ഥ.

യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ അസ്ട്രാസെനക വാക്‌സിന്‍ എടുത്തവര്‍ക്കു ക്വാറന്റീന്‍ ആവശ്യമില്ലെന്ന് പറയുകയും അതിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തിയാണ് ഏവരും ചോദ്യം ചെയ്യുന്നത്. ബ്രിട്ടനടക്കം വിദേശത്തേയ്ക്കു ഇന്ത്യ വന്‍ തോതില്‍ കയറ്റി അയച്ച വാക്സിനാണിത്.

വിഷയത്തില്‍ യുകെ വിദേശകാര്യ മന്ത്രി ലിസ് ട്രസുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കാണുകയാണ് ലക്ഷ്യമെന്നു ജയ്ശങ്കര്‍ പറഞ്ഞിരുന്നു. ക്വാറന്റീന്‍ പ്രശ്‌നം എത്രയും വേഗം പരസ്പര താല്‍പര്യത്തില്‍ പരിഹാരിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ഡോസ് വാക്‌സിനെടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ എന്ന തീരുമാനം തികച്ചും തെറ്റാണെന്നു തരൂര്‍ എംപി വിമര്‍ശിച്ചു. ഇതോടെ യു.കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു. കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഒരു സംവാദ പരിപാടിയില്‍ നിന്നും, തന്റെ ഒരു പുസ്തക പ്രകാശനത്തില്‍ നിന്നുമാണ് തരൂരിന്റെ പിന്‍മാറ്റം.

യു.കെയുടെ തീരുമാനത്തെ വംശീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത് യു.കെയിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവിടേക്കും വാക്‌സിന്‍ കയറ്റി അയക്കുന്നുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, യു.എ.ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നിയമം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീനും കോവിഡ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളാണ് ഏര്‍പ്പെടുത്താനിരുന്നത്. ഇത് യുകെയിലേക്കു പോകുന്നമലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാനെ.

 • നിലവിലെ പങ്കാളികളെ ഒഴിവാക്കി വിവാഹം കഴിക്കാന്‍ സ്വപ്‌നയും സരിത്തും പദ്ധതിയിട്ടു; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം
 • കേരളത്തില്‍ ആദ്യ ഓണ്‍ലൈന്‍ വിവാഹം; വരന്‍ ഉക്രൈനില്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വധുവിന്
 • എന്റെ കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്; സെക്രട്ടറിയേറ്റ് പടിക്കല്‍ അനുപമയുടെ നിരാഹാരം
 • തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവ അടക്കം 3 പേര്‍ക്കെതിരെ അന്വേഷണം
 • വിമാനത്താവളങ്ങളില്‍ കൃത്രിമകാല്‍ ഊരി പരിശോധന; സുധ ചന്ദ്രനോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ്
 • എരുമേലിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊക്കയാര്‍ ദുരന്തത്തില്‍പ്പെട്ടതെന്നു സൂചന
 • സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കരന്‍ മനപ്പൂര്‍വ്വം ഒളിച്ചുവെച്ചു; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍, 29പേര്‍ പ്രതികള്‍
 • ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ല്; കുത്തേറ്റയാള്‍ മരിച്ചു
 • മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; സെലിബ്രിറ്റികളും വിവിഐപികളും ട്രാപ്പില്‍!
 • അധികാര ഇടനാഴികളിലെ പുതിയ അവതാരങ്ങള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway