Don't Miss

മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം ആസൂത്രിത കൊല; പിന്നില്‍ ഭാര്യയും ഫ്രണ്ട്സും

ബെംഗളൂരു: മൂന്ന് വല്‍ഷം മുമ്പ് രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ്. കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്‍(34) ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവമാണ് രാജസ്ഥാന്‍ പോലീസിന്റെ തുടരന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ അസ്ബഖിന്റെ രണ്ട് സുഹൃത്തുക്കളെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.

അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2018 ഓഗസ്റ്റിലാണ് ജയ്‌സല്‍മേറിലെ മോട്ടോര്‍ റാലിക്കിടെ അബ്‌സഖ് മോനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം കാരണം മരണം സംഭവിച്ചെന്നായിരുന്നു നിഗമനം. മരണത്തില്‍ സംശയമില്ലെന്ന് സംഭവദിവസം ജയ്‌സല്‍മേറിലുണ്ടായിരുന്ന ഭാര്യ സുമേറ പര്‍വേസും പോലീസിനോട് പറഞ്ഞു. ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

അസ്ബഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവും സഹോദരനും പിന്നീട് പോലീസിന് പരാതി നല്‍കി. മരണം കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിഇവരുടെ ആവശ്യം. ഇതോടെ പോലീസ് വീണ്ടും അന്വേഷണം ആരംഭിക്കുകയും സ്വാഭാവികമരണമെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറംഭാഗത്ത് വലിയ പരിക്കേറ്റതായി വ്യക്തമാക്കിയിരുന്നു. ഭാര്യയും മറ്റും സംശയങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ അന്ന് ഇതേക്കുറിച്ചൊന്നും അന്വേഷണം നടത്തിയില്ല. അടുത്തിടെ പുനരന്വേഷണം ആരംഭിച്ചതോടെ ഇക്കാര്യങ്ങളെല്ലാം പോലീസ് പരിശോധിച്ചിരുന്നു.

ഭാര്യ സുമേറ പര്‍വേസ്, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അസ്ബഖ് ജയ്‌സല്‍മേറില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 15-ാം തീയതി ഇവരെല്ലാം ഒരുമിച്ചാണ് റേസിങ് ട്രാക്ക് കാണാന്‍പോയത്. പിറ്റേദിവസം ബൈക്കുകളില്‍ ഇവര്‍ പരിശീലനം നടത്തുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവരെല്ലാം തിരിച്ചെത്തിയിട്ടും അസ്ബഖ് മോന്‍ മാത്രം തിരികെവന്നില്ല. തുടര്‍ന്നാണ് വിജനമായ സ്ഥലത്ത് അസ്ബഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അസ്ബഖിന്റെ മരണത്തില്‍ ഭാര്യയുടെയും സുഹൃത്ത് സഞ്ജയുടെയും പങ്കിനെക്കുറിച്ച് തുടക്കംമുതലേ സംശയമുണ്ടായിരുന്നതായാണ് ജയ്‌സല്‍മേര്‍ എസ്.പി. അജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്. വിശദമായ അന്വേഷണത്തില്‍ റേസിങ് താരം കൊല്ലപ്പെട്ടതാണെന്നും ഭാര്യയും സുഹൃത്തുക്കളുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി.

ബെംഗളൂരുവില്‍ താമസം ആരംഭിക്കുന്നതിന് മുമ്പ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു. ഭാര്യയും അസ്ബഖ് മോനും തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും തര്‍ക്കം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്തായ സഞ്ജയ് ആയിരുന്നു. അസ്ബഖിന്റെ മൊബൈല്‍ ഫോണും മറ്റു സാധനങ്ങളും ഇയാള്‍ കൈക്കലാക്കുകയും ചെയ്തു. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ സഞ്ജയ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ പ്രതികള്‍ ഒളിവില്‍പോയി. തുടര്‍ന്ന് കേരളത്തിലും ബെംഗളൂരുവിലും രാജസ്ഥാന്‍ പോലീസ് സംഘം ഊര്‍ജിതമായ തിരച്ചില്‍ നടത്തി. ഇതിനിടെയാണ് ബെംഗളൂരുവില്‍നിന്ന് സഞ്ജയ്, വിശ്വാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജയ്‌സല്‍മേറില്‍ എത്തിച്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 • യുഎഇയില്‍ വിവാഹേതര ലൈംഗിക ബന്ധം ഇനി കുറ്റകരമല്ല; സ്വകാര്യ ഇടങ്ങളിലെ മദ്യപാനവും അനുവദിക്കും
 • കുഴഞ്ഞുമറിഞ്ഞ പഞ്ചാബില്‍ ഭരണം പിടിക്കാന്‍ ആം ആദ്മി
 • ജാമ്യം കിട്ടിയ പോക്സോ പ്രതിയായ അധ്യാപകന്‍ വീണ്ടും ലൈംഗികാതിക്രമത്തിന് പിടിയില്‍
 • തടിയൂരി സിപിഎം നേതാക്കള്‍; അനുപമക്ക് കുഞ്ഞിനെ കിട്ടി
 • മോഡലുകളുടെ മരണം അപകടമരണമല്ല! വെളിപ്പെടുത്തല്‍ പിന്നീടെന്ന് സതീശന്‍
 • ഹിന്ദുസേന സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമ എറിഞ്ഞു തകര്‍ത്തു ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ വേറെ ലെവല്‍
 • സുകുമാരക്കുറുപ്പ് കോട്ടയത്ത്! പ്രചരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷിച്ചെത്തി
 • ഇത് കാമറയ്ക്കു വേണ്ടിയുള്ള കസര്‍ത്തല്ല: രക്ഷകയായി എസ്.ഐ രാജേശ്വരി
 • ഉപതെരഞ്ഞെടുപ്പുകളില്‍ അടിതെറ്റി ബിജെപി
 • അന്‍സി കബീറിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway