നാട്ടുവാര്‍ത്തകള്‍

മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊന്ന സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി പുറപ്പെടുവിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മറ്റ് രണ്ട് കേസുകള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവും വിധിച്ചു. 17 വര്‍ഷത്തെ തടവിന് ശേഷമാണ് ഇരട്ടജീവപര്യന്തം അനുഭവിക്കേണ്ടത്.

മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ പേരില്‍ ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.. 2020 മേയ് ആറിന് രാത്രി സ്വന്തംവീട്ടില്‍വെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്.

ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. സൂരജ് മാത്രമായിരുന്നു കേസിലെ പ്രതി. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല പ്രതികരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും ഉത്രയുടെ അമ്മ പറഞ്ഞു.

ഈ ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകും. അത് ചെയ്തല്ലേ പറ്റൂ. തീര്‍ച്ചയായും തുടര്‍ നടപടിയിലേക്ക് പോകാനാണ് തീരുമാനം. എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ. ഉത്രയ്ക്ക് നീതി കിട്ടിയില്ല, അമ്മ മണിമേഘല പറഞ്ഞു.

  • നിലവിലെ പങ്കാളികളെ ഒഴിവാക്കി വിവാഹം കഴിക്കാന്‍ സ്വപ്‌നയും സരിത്തും പദ്ധതിയിട്ടു; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം
  • കേരളത്തില്‍ ആദ്യ ഓണ്‍ലൈന്‍ വിവാഹം; വരന്‍ ഉക്രൈനില്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വധുവിന്
  • എന്റെ കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്; സെക്രട്ടറിയേറ്റ് പടിക്കല്‍ അനുപമയുടെ നിരാഹാരം
  • തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവ അടക്കം 3 പേര്‍ക്കെതിരെ അന്വേഷണം
  • വിമാനത്താവളങ്ങളില്‍ കൃത്രിമകാല്‍ ഊരി പരിശോധന; സുധ ചന്ദ്രനോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ്
  • എരുമേലിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊക്കയാര്‍ ദുരന്തത്തില്‍പ്പെട്ടതെന്നു സൂചന
  • സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കരന്‍ മനപ്പൂര്‍വ്വം ഒളിച്ചുവെച്ചു; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍, 29പേര്‍ പ്രതികള്‍
  • ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ല്; കുത്തേറ്റയാള്‍ മരിച്ചു
  • മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; സെലിബ്രിറ്റികളും വിവിഐപികളും ട്രാപ്പില്‍!
  • അധികാര ഇടനാഴികളിലെ പുതിയ അവതാരങ്ങള്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway