നാട്ടുവാര്‍ത്തകള്‍

എന്റെ കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്; സെക്രട്ടറിയേറ്റ് പടിക്കല്‍ അനുപമയുടെ നിരാഹാരം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി അനുപമ. നീതി തേടിയാണ് അനുപമ സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രത്യക്ഷ സമരം തുടങ്ങിയത്.

'അനുപമ അമ്മയാണ്. ഈ അമ്മ പ്രസവിച്ച കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്' എന്നെഴുതിയ ബാനര്‍ പിടിച്ചാണ് അനുപമയുടെ നിരാഹാരം.

അമ്മയെന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്നും നീതി വേണമെന്നും അനുപമ പ്രതികരിച്ചു. നേരത്തെ അവഗണിച്ചവരാണ് ഇപ്പോള്‍ ഇടപെടുന്നതെന്നും കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷ നല്‍കിയത് ഇപ്പോള്‍ മാത്രമാണെന്നും അനുപമ പറഞ്ഞു.

വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിട്ടുണ്ട്. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അനുപമ പറഞ്ഞു.

വനിതാ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സി.പി.ഐ.എം നേതാക്കളുടെ ഇടപെടലുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നത്.

അതേസമയം, അനുപമയ്ക്ക് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. വിഷയത്തില്‍ ബന്ധപ്പെട്ട മന്ത്രി തന്നെ അവരുമായി സംസാരിച്ചിട്ടുണ്ടെന്നും കുഞ്ഞിനെ അമ്മയ്ക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയ്ക്ക് അനുയോജ്യമായ തരത്തില്‍ നീതി ലഭിക്കേണ്ടതുണ്ട്. സ്വാഭാവികമായിട്ടും അത് നിയമപരമായിട്ട് മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ. പാര്‍ട്ടിയെന്ന നിലയില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല. അതിനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി.ഡബ്‌ള്യു.സി ചെയര്‍പേഴ്‌സന്റെ വാദം മന്ത്രി തള്ളി.

പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.

പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നാണ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കിയിരുന്നു.

കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമയുടെ പരാതി താന്‍ അറിയുന്നത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞിട്ടാണെന്ന് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.

അതിനിടെ, അനുപമയുടെ പരാതി പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നു പി.കെ. ശ്രീമതി പറഞ്ഞു.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് താന്‍ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും പി.കെ. ശ്രീമതി പറഞ്ഞു.

പി.കെ. ശ്രീമതിയുടെ വാക്കുകള്‍:

ഒന്നരമാസം മുന്‍പ് ബൃന്ദാ കാരാട്ടെന്നെ വിളിച്ചു. തിരുവനന്തപുരത്ത് അനുപമയെന്ന് പറയുന്ന പെണ്‍കുട്ടിയുടെ വിഷയമുണ്ടെന്ന് പറഞ്ഞ് എന്നോടെല്ലാം വിശദീകരിച്ചുതന്നു. പിന്നീട് അനുപമയെ ഞാന്‍ നേരില്‍ക്കണ്ടു.നമുക്ക് കുഞ്ഞിനെ വീണ്ടെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. എല്ലാവര്‍ക്കും പരാതി കൊടുത്തിട്ടുണ്ടെന്ന് അനുപമ പറഞ്ഞു.

ഞാന്‍ നിര്‍ദേശിച്ച് ഒരുതവണ കൂടി എല്ലാവര്‍ക്കും പരാതി കൊടുത്തു. രണ്ടാമതൊരു തവണ കൂടി ഞാനിവരെ കണ്ടു. അന്ന് ഭര്‍ത്താവ് അജിത്തിനോടും ഞാന്‍ സംസാരിച്ചു.

ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനേയും വിളിച്ചിരുന്നു. കേസെടുക്കാതിരുന്നത് ശരിയായില്ലെന്ന് പറഞ്ഞു.

നടപടിയായില്ലെന്ന് കണ്ടപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ മഹിളാ നേതാക്കളോട് എല്ലാം ഞാന്‍ വിവരം പറഞ്ഞു. നിങ്ങളെല്ലാം ഏത് ലോകത്താണ് ജീവിക്കുന്നത് ഒരു കുട്ടി ഇങ്ങനെ കുഞ്ഞിന് വേണ്ടി നടക്കുമ്പോള്‍ ഒന്നിടപെടാന്‍ വേണ്ടി നമുക്ക് സാധിച്ചില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു.

വേറെ ഒരു വഴിയുമില്ലെങ്കില്‍ നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് ഞാന്‍ പറയുന്നത്. പുത്തലത്ത് ദിനേശന്‍ കേസെടുക്കും എന്ന് പറഞ്ഞതാണ്.

ഞാന്‍ അനുപമയ്ക്ക് നീതി ലഭിക്കാനായി ഒരുപാട് സമയം ചെലവിട്ടു. പക്ഷെ പ്രയോജനമുണ്ടായില്ല. അതെന്റെ പരാജയമാണ്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം.

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway