യു.കെ.വാര്‍ത്തകള്‍

കുത്തിനിറച്ച ബോട്ടില്‍ അഭയം തേടി യുകെയിലേക്ക് തിരിച്ച 27 കുടിയേറ്റക്കാര്‍ ബോട്ട് മുങ്ങി ഇംഗ്ലീഷ് ചാനലില്‍ മുങ്ങിമരിച്ചു


ബ്രിട്ടനില്‍ അഭയം തേടാനുള്ള മറ്റൊരു സാഹസിക യാത്ര കൂടി ദുരന്തത്തില്‍ കലാശിച്ചു. യുകെയിലേക്ക് തിരിച്ച 27 കുടിയേറ്റക്കാര്‍ ബോട്ട് മുങ്ങി കാലായിസിനടുത്തു ഇംഗ്ലീഷ് ചാനലില്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത് ഫ്രഞ്ച് മത്സ്യത്തൊഴിലാളികളാണ്. ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കവെ ഒരൊറ്റ ദിവസവം നഷ്ടമാകുന്ന ഏറ്റവും ഉയര്‍ന്ന ജീവഹാനിയാണ് ഇന്നലെ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഞ്ച് കുര്‍ദിഷ് ഇറാനിയന്‍ വംശജര്‍ മുങ്ങിമരിച്ചതാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിരക്ക്. ഈ വര്‍ഷം വിവിധ സംഭവങ്ങളിലായി 14 പേരാണ് മുങ്ങിമരിച്ചത്.

അപകടകരമായ ചാനല്‍ ക്രോസിംഗിന് ഒടുവില്‍ 27 പേരുടെ ജീവന്‍ നഷ്ടമായി. ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന മനുഷ്യക്കടത്താണ് അഞ്ച് സ്ത്രീകളും, ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ 27 കുടിയേറ്റക്കാരുടെ ജീവനെടുത്തത്.ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് ദുരന്തം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടുകള്‍ ഫ്രഞ്ച് തീരം വിടുമ്പോള്‍ ഫ്രഞ്ച് പോലീസ് ഇത് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

തിങ്ങിനിറഞ്ഞ ബോട്ട് മഴയും, തണുത്ത കാലാവസ്ഥയും ചേര്‍ന്ന് കടലിലെ അന്തരീക്ഷം മോശമായതോടെ തകരുകയായിരുന്നു. ഫ്രഞ്ച് മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തി വിവരം നല്‍കിയതോടെ കോസ്റ്റ്ഗാര്‍ഡ് ബോട്ടുകളും, ഹെലികോപ്ടറും സ്ഥലത്തെത്തി.

ദുരന്തം സംഭവിച്ചതിന് പിന്നാലെ തെരച്ചില്‍ ആരംഭിച്ചതിനൊപ്പം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര കോംബ്രാ യോഗം വിളിച്ചു. ഫ്രാന്‍സില്‍ നിന്നും വന്‍തോതില്‍ കുടിയേറ്റക്കാര്‍ ചാനല്‍ കടന്നെത്തുന്നത് ടോറി എംപിമാര്‍ക്കിടയില്‍ രോഷം വളര്‍ത്തുകയാണ്. ഈ വര്‍ഷം 27,000 പേരെങ്കിലും ബ്രിട്ടീഷ് തീരത്ത് എത്തിയെന്നാണ് കണക്ക്. സംഭവത്തില്‍ താന്‍ പരിഭ്രാന്തനാണെന്ന് ബോറിസ് പറഞ്ഞു. ആളുകളെ കൊലയ്ക്ക് കൊടുക്കുന്ന സംഘങ്ങളെ നേരിടാന്‍ ഫ്രാന്‍സ് നടപടിയെടുക്കാത്തതില്‍ ബോറിസ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ അതൃപ്‍തിയറിയിച്ചു.

ചാനലിനെ സെമിത്തേരിയാക്കി മാറ്റാന്‍ ഫ്രാന്‍സ് അനുവദിക്കില്ലെന്ന് മാക്രോണ്‍ പറഞ്ഞതായാണ് ബിബിസി റിപ്പോര്‍ട്ട്. എന്നാല്‍ കുടിയേറ്റക്കാരുടെ ഒഴുക്കിനെ ആഭ്യന്തര നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ ആയുധമാക്കുന്നത് ബ്രിട്ടന്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ ബോറിസിനോട് ആവശ്യപ്പെട്ടു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തെ നേരിടാന്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ ധാരണയായെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

 • ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ
 • ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി
 • ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു
 • ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു
 • ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'
 • 'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും
 • തിരിച്ചടികളുടെ കാലത്ത് ഓഫറുകളുടെ അവസരമായി ബ്ലാക്ക് ഫ്രൈഡെ
 • കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി
 • രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway