യു.കെ.വാര്‍ത്തകള്‍

ലൈംഗിക പീഡനക്കേസ്: ആന്‍ഡ്രൂ രാജകുമാരന്റെ സൈനിക പദവികളും രാജകീയ ചുമതലകളും തിരിച്ചെടുത്തു


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസ് നേരിടുന്ന ഡ്യൂക്ക് ഓഫ് യോര്‍ക്ക് ആന്‍ഡ്രൂ രാജകുമാരന്റെ സൈനിക പദവികളും രാജകീയ ചുമതലകളും തിരിച്ചെടുത്തു. 61 കാരനായ ആന്‍ഡ്രൂ രാജകുമാരന്‍ ഔദ്യോഗിക പദവിയില്‍ ഹിസ് റോയല്‍ ഹൈനസ് എന്ന ശൈലി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് രാജകീയ വൃത്തങ്ങള്‍ അറിയിച്ചു. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അദ്ദേഹം യുഎസ് സിവില്‍ കോടതി നടപടി നേരിടുന്ന സാഹചര്യത്തിലാണ് രാജകീയ പരിരക്ഷ ഒഴിവാക്കുന്നത്. ഇതോടെ ആന്‍ഡ്രൂ സ്ഥിരമായി നിഷേധിച്ചുവന്ന കേസ് കൊട്ടാരവും ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമായി.

ഡ്യൂക്ക് ഓഫ് യോര്‍ക്ക് പൊതു ചുമതലകള്‍ ഏറ്റെടുക്കാതെ തുടരുകയും ഒരു സ്വകാര്യ പൗരനെന്ന നിലയില്‍ ഈ കേസ് പ്രതിരോധിക്കും എന്നാണ് കൊട്ടാരത്തിന്റെ പ്രസ്താവന. ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാ റോളുകളും ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധമാണ് രാജ്ഞിക്ക് തിരികെ നല്‍കിയത്. അവ രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പുനര്‍വിതരണം ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ വിഷയം രാജകുടുംബവുമായി ചര്‍ച്ച ചെയ്തിരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

'വിര്‍ജീനിയ ജിയുഫ്രെ ന്യൂയോര്‍ക്കില്‍ ഫയല്‍ ചെയ്ത കേസിനെതിരെ അദ്ദേഹം 'സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്ന്' ആന്‍ഡ്രൂവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിര്‍ജിനിയ റോബര്‍ട്‌സിന്റെ കേസ് തള്ളിക്കളയാനുള്ള ആന്‍ഡ്രൂവിന്റെ ഹര്‍ജി യു എസ് കോടതി തള്ളിയത്. കേസ് ഇതോടെ വിചാരണയിലേക്ക് നീങ്ങുന്നുവെന്നതാണ് അവസ്ഥ. കേസുമായി മുന്നോട്ട് പോയി ജൂറിക്ക് മുന്‍പില്‍ ആന്‍ഡ്രൂവിന്റെ പേര് നന്നാക്കാന്‍ പോരാട്ടം നടത്തുകയാണ് ഒരു മാര്‍ഗ്ഗം.ഇതല്ലെങ്കില്‍ വിര്‍ജിനിയയുടെ കാലുപിടിച്ച് മള്‍ട്ടി മില്ല്യണ്‍ പൗണ്ട് സെറ്റില്‍മെന്റ് നല്‍കുകയാണ് മറ്റൊരു വഴി. രാജകുടുംബത്തിന് കൂടുതല്‍ നാണക്കേട് വരുത്താതെ കോടതിക്ക് പുറത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയാല്‍ ജീവിതാവസാനം വരെ ഈ സത്യാവസ്ഥ ആന്‍ഡ്രൂവിന് മേല്‍ കളങ്കം ചാര്‍ത്തും.

എന്നാല്‍ വിര്‍ജിനിയ കേസുമായി മുന്നോട്ട് പോയി നീതി നേടാനുള്ള തയാറെടുപ്പിലാണെന്ന് ഇവരുടെ ന്യൂയോര്‍ക്ക് അറ്റോണി ഡേവിഡ് ബോയിസ് സൂചന നല്‍കി. ഇതോടെ ആന്‍ഡ്രൂവിന് മുന്നിലുള്ളത് നാണക്കേട് ഉണ്ടാക്കുന്ന ഓപ്ഷനുകള്‍ മാത്രമാണെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സ്വിസ് അവധിക്കാല വസതി വിറ്റ് 10 മില്ല്യണ്‍ പൗണ്ട് വിര്‍ജിനിയയ്ക്ക് കൈമാറി കോടതിക്ക് പുറത്ത് വെച്ച് കേസ് അവസാനിപ്പിക്കാന്‍ ഡ്യൂക്ക് തയാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway