ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തിയെന്ന വിവാദത്തില്‍പ്പെട്ടതോടെ പിന്‍ഗാമിയെ തേടി ബ്രിട്ടീഷ് മാധ്യമങ്ങള്‍. പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ റിഷി സുനകിന് സാധ്യതയേറെയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. ബോറിസിന്റെ രാജിയുണ്ടായാല്‍ നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള റിഷി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചന ശക്തമാണ്. ഫര്‍ലോ സ്കീമിലൂടെ സുനകിന്റെ ജനപ്രീതി വളരെയധികം കൂടി. നേരത്തെ തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു സുനക് .
ബ്രീട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കര്‍ കൂടെയാണ്. 41 കാരനായ സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയാണ് ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടാറുണ്ട്. പാര്‍ട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്സ്ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.
ഇന്‍ഫോസിസ് സ്ഥാപക ചെയര്മാന് എന്‍.ആര്.നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണു ഭാര്യ. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കള്‍.