അബുദാബി: യുഎഇയിലെ അബുദാബിയില്‍ വിമാനത്താവളത്തിനു സമീപം സ്ഫോടനവും തീപിടിത്തവും. അബുദാബി വിമാനത്താവളത്തിനു സമീപത്തെ ഇന്ധന സംഭരണശാലിയില്‍ ഡ്രോണ്‍ വഴി നടത്തിയ ആക്രമണമാണ് സ്ഫോടനത്തിനു കാരണം. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. യെമനിലെ ഇറാന് അനുകൂല ഹൂതി സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. എണ്ണക്കമ്പനിയായ എഡിഎന്‍ഒസിയുടെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മുസഫ മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മ്മാണ സൈറ്റില്‍ തീപിടുത്തമുണ്ടായതായും അബുദാബി പോലീസ് സ്ഥിരീകരിച്ചു. അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളപായം ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്.
ഇതിനു പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന് അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചു.''പ്രാരംഭ അന്വേഷണത്തില്‍ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായേക്കാവുന്ന ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങള്‍ ഡ്രോണ്‍ ആണെന്ന് കണ്ടെത്തി. സംഭവങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അബുദാബി പോലീസ് പ്രസ്താവനയില്‍ പറയുന്നു.സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള സൈനിക സഖ്യത്തോട് പോരാടുന്ന യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ സൈനിക വക്താവ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഡ്രോണ്‍ ആക്രമണം പ്രവാസി ലോകത്തു വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.