മോസ്കോ: യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പറഞ്ഞുവിട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. 73 റഷ്യന്‍ നയതന്ത്രജ്ഞരെ ഇറ്റലി, ഡെന്മാര്ക്ക്, സ്വീഡന്, സ്പെയ്ന്‍ എന്നീ രാജ്യങ്ങള്‍ പുറത്താക്കി. എന്നാല്‍ ആശയവിനിമയത്തെ കുഴപ്പത്തിലാക്കാന്‍ മാത്രം ഉപകരിക്കുന്ന 'ചെറിയ നീക്കം' എന്നാണ് കൂട്ട പുറത്താക്കലിനെ റഷ്യ വിശേഷിപ്പിച്ചത്.
'ഇതുപോലെയുള്ള ഒരു പ്രതിസന്ധി ഘട്ടത്തിലുള്ള ഇത്തരം നീക്കങ്ങള്‍ ആശയ വിനിമയം കുറക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണം. ഇല്ലെങ്കില്‍ ഇത് പ്രതികാര നടപടികളിലേക്ക് കടക്കും,' റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഭീഷണിയായ’ 25 ഓളം റഷ്യന്‍ നയതന്ത്രജ്ഞരെയും എംബസി സ്റ്റാഫിനെയും പുറത്താക്കുകയാണെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവലും ചാരപ്രവര്‍ത്തനം നടത്തിയതിന് മൂന്ന് റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് സ്വീഡന് വിദേശകാര്യ മന്ത്രി ആന്‍ ലിന്‍ഡെയും പറഞ്ഞു.
ദേശീയ സുരക്ഷയ്ക്കായി 30 റഷ്യന്‍ പ്രതിനിധികളെ പുറത്താക്കാന്‍ ഉത്തരവിട്ടതായി ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂയിജി ഡി മായോ പ്രസ്താവനയില്‍ പറഞ്ഞു.
'ഈ നടപടി മറ്റ് യൂറോപ്യന്‍, അറ്റ്ലാന്റിക് പങ്കാളികളുമായി യോജിച്ചെടുത്തതാണ്. നമ്മുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലും റഷ്യയുടെ ഭാഗത്ത് ഉക്രൈനെതിരായ അന്യായമായ ആക്രമണം മൂലമുണ്ടായ നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇത് ആവശ്യമാണ്,' ഡി മായോ പറഞ്ഞു.
അതേസമയം, നയതന്ത്രജ്ഞരെന്ന വ്യാജേനയെത്തിയ 15 റഷ്യന്‍ ‘ഇന്റലിജന്‍സ് ഓഫീസര്‍മാരെ’ പുറത്താക്കിയതായും അവര്‍ക്ക് രാജ്യം വിടാന്‍ 14 ദിവസത്തെ സമയം കൊടുത്തതായും ഡെന്മാര്ക്ക് അറിയിച്ചു.
പുറത്താക്കപ്പെട്ട 15 ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡെന്മാര്ക്ക് വിദേശകാര്യ മന്ത്രി ജെപ്പെ കോഫോഡ് പാര്‍ലമെന്റില്‍ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.