ഒന്നരമാസം പിന്നിട്ടിട്ടും യുക്രൈനെ കാല്ക്കീഴിലാക്കാനാവാതെ റഷ്യ വിയര്‍ക്കുമ്പോള്‍ മരിയുപോളില്‍ പുടിനും കൂട്ടരും രാസായുധ വര്‍ഷം നടത്തിയെന്ന് യുക്രെയിന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ചു പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു രാസായുധം വര്‍ഷിച്ചതെന്നും സമീപ പ്രദേശത്തു ഉണ്ടായിരുന്നവര്‍ക്ക് ഏറെ നേരം ശ്വാസതടസം അനുഭവപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇനിയും തിരിച്ചറിയാനാകാത്ത രാസ വസ്തു പരിസരത്തുണ്ടായിരുന്നവര്‍ക്ക് ശ്വാസതടസ്സം വെസ്റ്റിബുലോ-അറ്റാക്ടിക് സിന്‍ഡ്രോം തുടങ്ങിയവ ഉണ്ടാക്കിയതായി ടെലെഗ്രാം ആപ്പ് വഴി വന്ന ഒരു സന്ദേശത്തില്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോണ്‍ബാസ്സിലെ ഒരു റഷ്യന്‍ അനുകൂല ജനറല്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മരിയുപോളില്‍ ഇത് സംഭവിച്ചത്. ഭൂമിക്കടിയില്‍ നിന്നും യുക്രെയിനികളെ ഞങ്ങള്‍ പുകച്ച് പുറത്തുചാടിക്കും എന്നായിരുന്നു ഈ ജനറല്‍ പറഞ്ഞത്.
ഡോണ്ട്സ്ക് മേഖലയില്റഷ്യന് സൈന്യം നൈട്രിക് ആസിഡ് വര്‍ഷിക്കുന്നതായി യുക്രെയിന് പര്‍ലമെന്റിന്റെ ഔദ്യോഗിക ട്വീറ്റര്‍ ഐഡിയിലൂടെഅവര് വെളിപ്പെടുത്തുന്നു. മേഖലയിലെ ജനങ്ങള്‍ സോഡ ലായനിയില്‍ മുക്കിയ മാസ്ക് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഏറ്റവും മാരകമായ ഫോസ്ഫറസ് ബോംബുകളും റഷ്യ ഉപയോഗിക്കുവാന്‍ സാധ്യതയുണ്ടെന്ന് യുക്രെയിന് പ്രതിരോധമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഫോസ്ഫറസ് ബോംബ് ഒരു രാസായുധമായി കണക്കാക്കിയിട്ടില്ലെങ്കിലും വളരെ ഉയര്‍ന്ന താപനിലയില്‍ കത്തിജ്വലിക്കുന്ന ഇതേല്‍പിക്കുന്ന പൊള്ളലുകളും മുറിവും മാരകമായിരിക്കും. സാധാരണ ജനങ്ങള്‍ക്ക് മേല്‍ ഇത് പ്രയോഗിക്കുന്നത് യുദ്ധക്കുറ്റമായിട്ടാണ് അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ പരിഗണിക്കുന്നത്.
വാര്‍ത്തകളുടെ നിജസ്ഥിതി അറിയുവാന്‍ തങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞത്.
ഇതുവരെയുള്ള പോരാട്ടത്തില്‍ മരിയുപോള്‍ നഗരത്തില്‍ മാത്രം 10,000 പേര് കൊല്ലപ്പെട്ടതായി നഗരത്തിലെ മേയര്‍ വാഡ്യം ബോയ്ചെങ്കോയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണം 20,000 ലും അധികമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സഞ്ചരിക്കുന്ന ശവ ദഹന ഉപകരണങ്ങളുമായാണ് റഷ്യന്‍ സൈന്യം എത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.