പീഡനക്കേസ്: ഹൈബി ഈഡന് എം.പിയെ സിബിഐ ചോദ്യം ചെയ്തു
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന് എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. കേസന്വേഷിക്കുന്ന സി.ബി.ഐ തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. ആറ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഹൈബി ഈഡന് അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2012 ല്‍ നിയമഭാസമ്മേളനം നടക്കുന്ന സമയത്ത് എം.എല്‍.എ ഹോസ്റ്റലിലെ ഹൈബി ഈഡന്റെ മുറിയില്‍ വെച്ച് പരാതിക്കാരിയെ ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതി അടിസ്ഥാനമാക്കി കേസില്‍ ഹൈബിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേ എഫ്.ഐ.ആര് പ്രകാരം ഹൈബിയെ സി.ബി.ഐയും പ്രതിയാക്കിയിരുന്നു. കഴിഞ്ഞ മേയ് അഞ്ചിന് കുറ്റകൃത്യം നടന്നു എന്ന് പറയപ്പെടുന്ന എം.എല്‍.എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ സി.ബി.ഐ സംഘം പരാതിക്കാരിക്കൊപ്പമെത്തി പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദ്യം നോട്ടീസ് നല്കിയപ്പോള് തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒഴിവാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നെങ്കിലും അടിയന്തരമായി ഹാജരാകാന്‍ സി.ബി.ഐ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.