ഫിന്‍ലാന്‍ഡിനുള്ള വൈദ്യുതി ബന്ധം 'കട്ട് ചെയ്ത്' റഷ്യ! നാറ്റോ വിഷയത്തില്‍ യുക്രൈനില്‍ രണ്ടു മാസത്തോളമായി യുദ്ധം നടത്തിവരുന്ന റഷ്യ സമാന വിഷയത്തില്‍ മറ്റു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ഫിന്‍ലാന്‍ഡ് നാറ്റോയില്‍ ചേരാന്‍ നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ അവര്‍ക്കെതിരെ പ്രതികാര നടപടി പുടിന് തുടങ്ങിക്കഴിഞ്ഞു. അത് സൈനിക നടപടിയിലേക്കു കടന്നാല്‍ അത് സ്ഥിതി ഗുരുതരമാക്കും. ഇതിനോടകം ഹെല്‍സിങ്കിയ്ക്കുള്ള സപ്ലൈ നിര്‍ത്തുമെന്ന് മോസ്കോ എനര്‍ജി കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു.
സേവനദാതാവിന് പണം നല്‍കുന്നതിലെ വീഴ്ച മുന്‍നിര്‍ത്തിയാണ് ഇന്നുമുതല്‍ വൈദ്യുതി വിതരണം നിര്‍ത്തിവെയ്ക്കുന്നതെന്നാണ് റഷ്യയുടെ വാദം. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പവര്‍ കമ്പനി ഇന്റര്‍ ആര്‍എഒയാണ് ഫിന്‍ലാന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തുന്നത്.
മെയ് 6 മുതല്‍ പാന്‍-യൂറോപ്യന്‍ എക്സ്ചേഞ്ചായ നോര്‍ഡ് പൂളില്‍ നിന്നും വില്‍ക്കുന്ന എനര്‍ജിക്ക് പണം നല്‍കാത്ത സാഹചര്യത്തിലാണ് കയറ്റുമതി നിര്‍ത്താന്‍ ഇന്റര്‍ ആര്‍എഒ തീരുമാനിച്ചത്. പണം നല്കാതിരിക്കാനുള്ള കാരണം വ്യക്തമല്ല.
എന്നാല്‍ ഫിന്‍ലാന്‍ഡ് നാറ്റോയില്‍ ചേരാന്‍ നടപടികള്‍ ആരംഭിച്ചതിന്റെ പ്രത്യാഘാതമാണ് ഇതെന്നാണ് കരുതുന്നത്. രാജ്യത്തേക്കുള്ള ഗ്യാസ് സപ്ലൈ മോസ്കോ നിര്‍ത്തുമെന്ന് ഫിന്‍ലാന്‍ഡും പ്രതീക്ഷിക്കുന്നു. 20 വര്‍ഷത്തിനിടെ ആദ്യമായാണ് തങ്ങളുടെ ചരിത്രത്തില്‍ ഇത്തരമൊരു നടപടിയെന്ന് ഫിന്നിഷ് സബ്സിഡിയറി ആര്‍എഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
താല്‍ക്കാലികമായി വൈദ്യുതി ഇറക്കുമതി നിര്‍ത്തിവെച്ചതായി ഫിന്നിഷ് ഗ്രിഡ് ഓപ്പറേറ്റര്‍ ഫിന്‍ഗ്രിഡ് അറിയിച്ചു. എന്നാല്‍ ഇതുമൂലം സപ്ലൈയില്‍ പ്രശ്നങ്ങള്‍ നേരിടില്ലെന്നും, റഷ്യയില്‍ നിന്നുള്ള വൈദ്യുതി ഫിന്‍ലാന്‍ഡ് ഉപയോഗത്തിന്റെ 10 ശതമാനം മാത്രമാണെന്നും ഫിന്‍ഗ്രിഡ് പറയുന്നു.
നിര്‍ത്തലാകുന്ന വൈദ്യുതിക്ക് പകരം സ്വീഡനില്‍ നിന്നും ഇറക്കുമതി ചെയ്യുകയും, ആഭ്യന്തര ഉത്പാദനത്തില്‍ നിന്നും നേടുകയും ചെയ്യുമെന്ന് ഓപ്പറേറ്റര്‍ വ്യക്തമാക്കി. നാറ്റോ അംഗത്വത്തിനായി ഫിന്‍ലാന്‍ഡ് ശ്രമിക്കുന്നത് ഭീഷണിയായാണ് റഷ്യ കണക്കാക്കുന്നതെന്ന് ക്രെംലിന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫിന്‍ലാന്‍ഡിനെതിരെ നടപടിയിലേക്കു കടന്നാല്‍ പ്രതിരോധിക്കുമെന്ന് യുകെയടക്കം വ്യക്തമാക്കിയിട്ടുണ്ട്.