ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, ശിവഗിരി എന്നിവിടങ്ങളിലെ വീടുകളിലാണ് ഒരേസമയം പരിശോധന. മകന് കാര്‍ത്തി ചിദംബരന്റെ വിദേശ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് സൂചന.
2010-14 കാലഘട്ടത്തിലെ വിദേശ ഇടപാടുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കാലഘട്ടത്തില്‍ പഞ്ചാബിലെ ഒരു പവര്‍ പ്രൊജക്ടിലേക്ക് 250 ചൈനീസ് പൗരന്മാര്ക്ക് വിസ അനുവദിക്കുന്നതിന് എം.പി കൂടിയായ കാര്‍ത്തി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സിബിഐ പറയുന്നു.
കാര്‍ത്തിയും അദ്ദേഹത്തിന്റെ കൂട്ടാളി ഭാസ്കരമാനും മറ്റുള്ളവരും ചേര്‍ന്നു നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ചിദംബരത്തിന്റെയും മകന്റെയും വീടുകളിലും ഓഫീസുകളിലുമടക്കം ഒന്‍പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയിലെ ചിദംബരത്തിന്റെ വീടിനു മുന്നില്‍ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയയ്ക്ക് 305 കോടി രുപയുടെ വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള വിദേശ നിക്ഷേപ പ്രൊമോഷന് ബോര്‍ഡിന്റെ ക്ലിയറന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ നിരവധി കേസുകള്‍ കാര്‍ത്തി ചിദംബരത്തിനെതിരെയുണ്ട്. 2017 മേയ് 15ന് അഴിമതി കേസ് രജിസ്റ്റര്‍ ചെയ്യുകയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചതിനും കേസെടുക്കുകയും ചെയ്തിരുന്നു. 2018 ഫെബ്രുവരിയില്‍ കാര്‍ത്തി ചിദംബരം അറസ്റ്റിലായി. മാര്‍ച്ചില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരവും അറസ്റ്റിലായിരുന്നു.