ബ്രക്സിറ്റും കൊറോണ ലോക് ഡൗണും മൂലം ജീവനക്കാര്‍ വന്‍തോതില്‍ പൊഴിഞ്ഞുപോയതോടെ രാജ്യത്തു തൊഴിലാളികളുടെ വലിയ ഡിമാന്റ് ആയിരുന്നു. ആവശ്യത്തിന് ജീവകക്കാരില്ലാതെ ആവശ്യസാധങ്ങളുടെയും മറ്റും ഉത്പാദനവും വിതരണവും പ്രതിസന്ധിയിലായിരുന്നു. അതുകൊണ്ടുതന്നെ ജോലി തേടുന്നവര്‍ക്ക് ഇത് സുവര്‍ണ്ണാവസരവുമായി. അതിന്റെ ഫലമായി യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി.
മാര്‍ച്ച് അവസാന പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനത്തിലാണ്. 1974 മുതലുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി.
ജോബ് വേക്കന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലിയില്ലാത്ത ആളുകളുടെ എണ്ണം ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. സാമ്പത്തിക നിലവാരത്തില്‍ സമ്പൂര്‍ണ്ണ തൊഴില്‍ എന്ന ഗണത്തിലാണ് ഇത് പെടുക. പേറോളിലുള്ള ജോലിക്കാരുടെ എണ്ണം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് 121,000 വര്‍ദ്ധിച്ച് 29.5 മില്ല്യണെന്ന റെക്കോര്‍ഡ് നിലയില്‍ എത്തി.
ഫെബ്രുവരിയ്ക്കും, ഏപ്രിലിനും ഇടയില്‍ തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരമായ 1.3 മില്ല്യണില്‍ എത്തിയിരുന്നു. കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് സര്‍ക്കാര്‍ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചകങ്ങളാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. സര്‍ക്കാര്‍ മുന്‍പൊരിക്കലും നല്‍കാത്ത വിധത്തില്‍ പിന്തുണ ഉറപ്പാക്കിയതാണ് ആഗോള വെല്ലുവിളികള്‍ക്ക് ഇടയിലും തൊഴില്‍ വിപണിയെ നയിച്ചതെന്ന് ചാന്‍സലര്‍ സുനാക് കൂട്ടിച്ചേര്‍ത്തു.
'ജനങ്ങള്‍ക്ക് ആശങ്കയുള്ള സമയമാണ്. എന്നാല്‍ മുന്‍പ് ഭയപ്പെട്ടതിലും കുറവ് ആളുകളാണ് ജോലിയ്ക്ക് പുറത്തുള്ളത്. കഠിനാധ്വാനം ചെയ്ത് നേടുന്ന പണം കൈയില്‍ സൂക്ഷിക്കാന്‍ ടാക്സ് കട്ടും, യൂണിവേഴ്സല്‍ ക്രെഡിറ്റിലെ മാറ്റങ്ങളും, കുടുംബ ബില്ലുകള്‍ക്ക് പിന്തുണയും നല്‍കുന്നുണ്ട്', സുനാക് വ്യക്തമാക്കി.
തൊഴിലവസരങ്ങള്‍ ഉയര്‍ന്നതോടെ ബോണസും, ശമ്പളവര്‍ദ്ധനവുമായി ജോലിക്കാരെ പിടിച്ചുനിര്‍ത്താനാണ് കമ്പനികള്‍ മത്സരിക്കുന്നത്. ഇത് ജീവനക്കാര്‍ക്ക് നേട്ടമാണ്. എങ്കിലും ഇപ്പോഴത്തെ ജീവിതച്ചെലവ് വച്ച് നോക്കുമ്പോള്‍ ഒന്നും മിച്ചം പിടിക്കാനില്ലാത്ത സ്ഥിതിയാണ്.