കേംബ്രിഡ്ജ്ഷെയറിലെ കിങ്സ്ലിനിലെ കൗണ്‍സില്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏറ്റുമാനൂര്‍ സ്വദേശി ജോണി എം കുര്യന്റെ(57) മൃതദേഹം സംസ്കരിച്ചു. കിങ്സ്ലിന്‍ ഹോളി ഫാമിലി ചര്‍ച്ചില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന ശുശ്രൂഷയിലും സംസ്കാര ചടങ്ങുകളിലും നിരവധി മലയാളികള്‍ പങ്കെടുത്തു. ഏറ്റുമാനൂരിലെ എം കുര്യന് മാളിയേക്കല്‍ - മേരി കുര്യന് തേമ്മാംകുഴിയില്‍ ദമ്പതികളുടെ മകനാണ്. ഭാര്യ മോളി. ലീമ, ഐമ എന്നിവരാണ് മക്കള്‍. മരുമകന് മെബിന്. മാത്യു, ആനി, ജെയിംസ്, ജോസ്, ആന്റസ്, സജി, ഷിനില്‍, ആന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.
ഈമാസം രണ്ടിനാണ് ജോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റില്‍ തനിച്ചായിരുന്നു ജോണി താമസിച്ചിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കേംബ്രിഡ്ജ്ഷെയറിലെ കിങ്സ്ലിനില്‍ ആയിരുന്നു അദ്ദേഹം താമസം. ഈമാസം നാലിന് രാവിലെ കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്താനായി ടിക്കറ്റ് ചെയ്തിരുന്നതാണ് ജോണി. ഇതനുസരിച്ചു ബന്ധുക്കള്‍ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിമാനത്തില്‍ അങ്ങനെയൊരാള്‍ യാത്ര ചെയ്തിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുകെയില്‍ പോലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ആണ് രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.