യൂറോപ്യന്‍ ഫുട്ബോളിന് ലാറ്റിനമേരിക്കന്‍ ചെക്ക് പറഞ്ഞു മെസിയും പിള്ളേരും. കോപ്പാ അമേരിക്കാ ചാമ്പ്യന്മാരും യൂറോ കപ്പ് ജേതാക്കളും തമ്മില്‍ 29 വര്‍ഷത്തിനുശേഷം ഏറ്റുമുട്ടിയ 'ഫൈനലിസിമ' ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് അര്‍ജന്റീന ഇറ്റലിയെ തകര്‍ത്തുവിട്ടു. മല്‍സരത്തില്‍ അര്‍ജന്റീനയുടെ പൂര്‍ണ്ണ മേധാവിത്തമാണ് കണ്ടത്. ലൗട്ടാരോ മാര്‍ട്ടിനസ് (28), എയ്ഞ്ചല്‍ ഡി മരിയ (45 + 1 ), ഡിബാല (90+4) എന്നിവരാണ് അര്‍ജന്റീനക്കായി വല ചലിപ്പിച്ചത്. ഒരു ഗോള്‍ അടിക്കുകയും ഒരു ഗോളിന് വഴിവെക്കുകയും ചെയ്ത മാര്‍ട്ടിനസും , രണ്ട് ഗോളിന് വഴിയൊരുക്കിയ ലയണല്‍ മെസിയുമാണ് അസൂറികളെ തകര്‍ത്തത്.
മെസിക്കും ഡി മരിയക്കും മാര്‍ട്ടിനസിനു മൊപ്പം ഡി പോളും റോഡ്രിഗസും ഉള്‍പ്പെടുന്ന നിരയെ ആണ് സ്കലോനി ഇറ്റലിക്കെതിരെ കളത്തിലിറക്കിയത്. എന്നാല്‍ 4-3-3 എന്ന ഫോര്‍മേഷനിലായിരുന്നു മാഞ്ചിനി ഇറ്റാലിയന്‍ ടീമിനെ വിന്യസിച്ചത്. മധ്യനിരയില്‍ ജോര്‍ജിനോയും മുന്നേറ്റ നിരയില്‍ ആന്ദ്രേ ബെലോട്ടിയും . മധ്യ നിരയില്‍ കിയേസയെ പോലൊരു താരത്തിന്റെ അഭാവം ഇറ്റാലിയന്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചു. വെംബ്ലിയില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നീക്കങ്ങളില്‍ ഒത്തൊരുമയും ആത്മവിശ്വാസവും പ്രകടമായിരുന്നു. യൂറോ കപ്പിന്റെ തുടര്‍ച്ചയായിട്ട് ആക്രമണ ഫുട്ബോളാണ് ഇറ്റലി പുറത്തെടുത്തത്. എന്നാല്‍ പന്ത് കൈവശം വെച്ച് പാസിങ്ങ് ഗെയിo കളിച്ചാണ് മെസിയും സംഘവും മുന്നേറിയത്.
ഇരുപത്തിയെട്ടാം മിനിറ്റില്‍ ഇടതു വിങ്ങിലൂടെ മെസി നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴി തുറന്നത്. പെനാള്‍ട്ടി ബോക്സിലേക്ക് മെസി നീട്ടി നല്കിയ പാസില്‍ ലൗട്ടാരോ മാര്‍ട്ടിനസിന് കാല് വയ്ക്കേണ്ടിയെ വന്നുള്ളു. അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍. പിന്നാലെ ഗോള്‍ തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ മുന്നേറ്റങ്ങള്‍. പന്ത് കിട്ടിയപ്പോഴെല്ലാം ഇറ്റാലിയന്‍ പ്രതിരോധമുള്‍പ്പെടെ അര്‍ജന്റീനയുടെ പകുതിയിലേക്ക് ഇരച്ചു കയറി. മെസിയെ ഫൗള്‍ ചെയ്തതിന് ബെനൂച്ചിക്ക് മഞ്ഞ കാര്‍ഡ് കിട്ടി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ അപ്രതീക്ഷിതമായി കിട്ടിയ പന്തുമായി ഇറ്റാലിയന്‍ പകുതിയിലേക്ക് ലൗട്ടാരോ മാര്‍ട്ടിനസിന്റെ മുന്നേറ്റത്തിനൊടുവില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ഗോളി ഡൊന്നരുമ്മ മാത്രം മുന്നില്‍ നില്‍ക്കെ മാര്‍ട്ടിനസ്, വലതു വശത്തു കൂടി കയറി വന്ന എയ്ഞ്ചല്‍ ഡി മരിയയുടെ മുന്നിലേക്ക് പന്ത് നീട്ടി നല്കി. ഇടതു കാലു കൊണ്ട് ഡി മരിയയുടെ ക്ലാസ്സ് ഫിനിഷ് . ആദ്യ പകുതിയില്‍ ലാറ്റിനമേരിക്കന്‍ ടീം രണ്ട് ഗോളിന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഇറ്റലി ആഞ്ഞു പൊരുതിയെങ്കിലും അര്‍ജന്റീനയുടെ പന്ത് ഗോള്‍ വര കടന്നില്ല. പ്രതിരോധത്തിലേക്ക് പോകാതെ അവസരം കിട്ടിയപ്പോഴെല്ലാം മുന്നേറ്റം നടത്തി അര്‍ജന്റീനയും ഇറ്റലിയെ വിറപ്പിച്ചു കൊണ്ടിരുന്നു. രണ്ട് ഗോളിന് മുന്നിലായിരുന്നെങ്കിലും മെസിയുടെ ഗോളിനായി ആരാധകര്‍ ആര്‍ത്തു വിളിച്ചു. ഇഞ്ചുറി ടൈമില്‍ പന്തുമായി ഒറ്റക്ക് മുന്നേറിയ മെസി ഗോള്‍ നേടിയെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇറ്റാലിയന്‍ പ്രതിരോധം മെസിയുടെ മുന്നേറ്റം പെനാള്‍ട്ടി ബോക്സിന് പുറത്ത് തടഞ്ഞുവെങ്കിലും പന്ത് കിട്ടിയത് ഡി ബാലയുടെ കാലുകളില്‍ . തൊണ്ണൂറാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഡിബാല തന്റെ ഫിനിഷിങ്ങ് മികവ് തെളിയിച്ച് ഇറ്റലിയുടെ വല കുലുക്കി.